ഹോങ്കോങ്ങ്: ഹോങ്കോങ്ങിലെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി ഉയർന്നു. തായ് പോ ജില്ലയിലെ പാർപ്പിട സമുച്ചയങ്ങളിലാണ് ഇന്നലെ വൈകുന്നേരം തീപിടിത്തം ഉണ്ടായത്. 279 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും വിവരം ലഭിക്കുന്നു.Hong Kong fire: Death toll rises to 44
വാങ് ഫുക് കോർട്ട് ഹൗസിങ് കോംപ്ലക്സിലെ 32 നിലകളുള്ള കെട്ടിടത്തിലെ ഏഴോളം ബ്ലോക്കുകളിലൂടെയാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. മുള ഉപയോഗിച്ച മേൽത്തട്ടിലാണ് ആദ്യം തീ പടർന്നതെന്ന് അധികൃതർ അറിയിച്ചു. എട്ട് ടവറുകളിലായി ഏകദേശം രണ്ടായിരം പേർ താമസിക്കുന്ന വലിയ പാർപ്പിട സമുച്ചയമാണിത്.
നാല് കെട്ടിടങ്ങളിലെ തീ ഇതിനകം നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് സൂചന. ഏറ്റവും ഉയർന്ന നിലവാരമായ ലെവൽ 5 തീപിടിത്തമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
പ്രാദേശിക സമയം വൈകിട്ട് 6.20ഓടെയാണ് അപകടം സംഭവിച്ചത്. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഏകദേശം 700 പേരെ രക്ഷപ്പെടുത്തി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ അഗ്നിശമനസേനാംഗവുമാണ്. നിരവധി പാർപ്പിട സമുച്ചയങ്ങൾ കൂട്ടമായി സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാൽ രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ പ്രയാസമാകുന്നുവെന്നാണ് റിപ്പോർട്ട്.
