ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (SIR) നടപടികൾക്ക് സ്റ്റേ ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പരിഷ്കരണ നടപടി താൽക്കാലികമായി നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ പരിഷ്കരണം തടസമില്ലാതെ മുന്നോട്ടുപോകാമെന്ന നിലപാടാണ് കോടതിയിൽ നിന്നുണ്ടായത്.Supreme Court says there is no obstacle to continuing the radical voter list reform process in the state
കേസിന്റെ തുടർപരിഗണന ഡിസംബർ 2ന് നടത്തുമെന്ന് ബെഞ്ച് അറിയിച്ചു. സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ഇടപെടേണ്ടതുണ്ടോ എന്നത് അന്നേ ദിവസം തീരുമാനിക്കും. ഇതിനിടെ, കേരളം ഡിസംബർ 1നകം സത്യവാങ്മൂലം സമർപ്പിക്കണമെന്നും തമിഴ്നാട് അതേ സമയം പരിഗണിച്ച് സ്വന്തം സത്യവാങ്മൂലവും സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. എസ്ഐആറിലെ കേരളത്തിന്റെ സാഹചര്യം പ്രത്യേകമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
രാഷ്ട്രീയ പാർട്ടികളാണ് കേരളത്തിൽ പ്രശ്നങ്ങൾക്ക് കാരണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വാദിച്ചു. ഹൈക്കോടതിയിൽ കേസ് വന്നപ്പോൾ ജില്ലാ കളക്ടർമാർ ഉൾപ്പെടെ ബുദ്ധിമുട്ടില്ലെന്ന് അറിയിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ആവശ്യമായാൽ സത്യവാങ്മൂലം സമർപ്പിക്കാമെന്നും അവർ അറിയിച്ചു. എന്നാൽ ഈ വാദം അംഗീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
എസ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ, കോൺഗ്രസ്, മുസ്ലിം ലീഗ്, സിപിഐ തുടങ്ങിയവരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആർ നടപടികളും ഒരേസമയം നടത്തുന്നത് ഭരണ സംവിധാനത്തെ സ്തംഭിപ്പിക്കുമെന്നായിരുന്നു സർക്കാരിന്റെ ഹർജിയിലെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഡിസംബർ 21 വരെ എസ്ഐആർ താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.
കഴിഞ്ഞ ആഴ്ചയും എസ്ഐആർ നടപടികൾക്ക് സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചതിനെ തുടർന്ന് ഇന്ന് നടന്ന പരിഗണനയിലും അതേ നിലപാട് കോടതി ആവർത്തിച്ചു.
