ന്യൂഡൽഹി: കൊളോണിയൽ കാലഘട്ടത്തിലെ ചിന്താരീതി ഉത്തർപ്രദേശ് സർക്കാർ പിന്തുടരുന്നതായി ചൂണ്ടിക്കാട്ടി സുപ്രീംകോടതിയുടെ കടുത്ത വിമർശനം. ജില്ലാ കളക്ടർമാരും (മജിസ്ട്രേറ്റ്) ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണ സംഘങ്ങൾ, സമാന സ്ഥാപനങ്ങൾ എന്നിവയുടെ എക്സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന പതിവിനെയാണ് കോടതി നിശിതമായി വിമർശിച്ചത്. ഈ കൊളോണിയൽ രീതികൾ അവസാനിപ്പിക്കാനായി രണ്ട് മാസത്തിനകം ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്താൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഉത്തർപ്രദേശ് സർക്കാരിന് നിർദേശം നൽകി.Supreme Court criticizes UP government for colonial attitude
ഉത്തർപ്രദേശിലെ നിരവധി സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ ചീഫ് സെക്രട്ടറി, ജില്ലാ മജിസ്ട്രേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് നൽകുന്ന നിയമ വ്യവസ്ഥകളാണ് ഇപ്പോൾ നിലവിലുള്ളത്. ഇത്തരം വ്യവസ്ഥകൾ ജനാധിപത്യ തത്വങ്ങളുമായി ഒട്ടും ചേർന്നുപോകാത്തവയാണെന്ന് കോടതി വ്യക്തമാക്കി.
ബുലന്ദ്ശഹറിലെ സിഎം ജില്ലാ മഹിളാസമിതി എന്ന വനിതാ സ്വയംസഹായ സംഘം നൽകിയ ഹർജിയിലാണ് ഈ നിർണായക വിമർശനം. സമിതിയുടെ എക്സ് ഒഫീഷ്യോ പ്രസിഡന്റായി ജില്ലാ മജിസ്ട്രേറ്റിന്റെ ഭാര്യയെ നിയമിച്ച നടപടിയെ ചോദ്യം ചെയ്താണ് സമിതി കോടതിയെ സമീപിച്ചത്. ഒരു ജനാധിപത്യ പ്രക്രിയയുമില്ലാതെ എന്തിനാണ് ജില്ലാ മജിസ്ട്രേറ്റിന്റെ ഭാര്യയെ സഹകരണ സംഘത്തിന്റെ എക്സ് ഒഫീഷ്യോ പ്രസിഡന്റായി നിയമിക്കുന്നതെന്ന് കോടതി ആരാഞ്ഞു. പൊതു സംവിധാനങ്ങൾ നയിക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു. നിലവിലെ കാലഹരണപ്പെട്ട രജിസ്ട്രേഷൻ നിയമത്തിന് പകരമായി പുതിയ ബിൽ തയ്യാറാക്കിവരികയാണെന്നും ഇതിനായി ജനുവരി അവസാനംവരെ സമയം അനുവദിക്കണമെന്നും സംസ്ഥാനം കോടതിയിൽ അഭ്യർഥിച്ചു.
