മലപ്പുറം:പി.വി. അൻവർ നയിക്കുന്ന തൃണമൂൽ കോൺഗ്രസുമായുള്ള സഹകരണത്തെ ചൊല്ലി കോൺഗ്രസ് നേതൃത്വത്തിൽ തർക്കം രൂക്ഷമാകുന്നു. സംസ്ഥാന – ജില്ലാ തലങ്ങളിലെ നേതാക്കളുടെ അഭിപ്രായവ്യത്യാസമാണ് പ്രശ്നം കൂടുതല്‍ വഷളാക്കുന്നത്. മലപ്പുറം ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാക്കൾക്ക് ഇപ്പോൾ അൻവറിന്റെ സഹായം ആവശ്യമില്ലെന്ന നിലപാടിലാണ്.Controversy in Congress over Trinamool name intensifies
നിലമ്പൂർ നിയമസഭയിലെ അവസാന ഉപതിരഞ്ഞെടുപ്പിൽ അൻവർ നേടിയ 20,000 വോട്ടുകൾക്ക് വലിയ പ്രാധാന്യമില്ലെന്നും, യുഡിഎഫ് സ്ഥാനാർഥികൾക്ക് വിജയിക്കാനായി അൻവറിന്റെ ഇടപെടൽ എവിടെയും അനിവാര്യമല്ലെന്നും എ.പി. അനിൽകുമാർ വ്യക്തമാക്കിയിരുന്നു. കരുളായി പഞ്ചായത്തിലെ സിപിഎം ജയിച്ച രണ്ട് വാർഡുകൾ ഒഴികെ, പി.വി. അൻവറിനൊപ്പം തൃണമൂൽ കോൺഗ്രസുമായി നീക്കുപോക്ക് നടത്തിയിട്ടില്ല.
ജില്ലാതലത്തിൽ നേതാക്കൾ തന്ത്രപരമായ മൗനം പാലിച്ചുകൊണ്ടിരിക്കുമ്പോൾ, തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ കോൺഗ്രസ് യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാകുമെന്നാണ് കെ.പി.സി.സി അധ്യക്ഷന്റെ സൂചന. പാർട്ടിയുടെ നിലപാട് അൻവറിനെ അറിയിച്ചിട്ടുണ്ടെങ്കിലും, യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട സങ്കീർണതകൾ മുന്നിൽ കണ്ടാണ് മൗനം തുടരുന്നത്.
