കേരളത്തിന് വിദ്യാഭ്യാസ അവകാശനിയമപ്രകാരം ലഭിക്കേണ്ട സമഗ്രശിക്ഷാ ഫണ്ടുകൾ കേന്ദ്രസർക്കാർ ഉടൻ അനുവദിക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടര വർഷത്തോളമായി സമഗ്രശിക്ഷയ്ക്കുള്ള ഫണ്ട് കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നില്ല. 2025 നവംബറിൽ മാത്രമാണ് ഒരു ഗഡു ഫണ്ട് ലഭിച്ചത്. 2025–26 സാമ്പത്തിക വർഷത്തിനായി അനുവദിച്ച 456 കോടി രൂപയിൽ ആദ്യ ഗഡുവായ 92.41 കോടി രൂപയാണ് ഇതുവരെ റിലീസ് ചെയ്തത്.The Centre should immediately allocate funds under the Right to Education Act: Minister V Sivankutty
വിദ്യാഭ്യാസാവകാശനിയമവുമായി ബന്ധപ്പെട്ട ഫണ്ടും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള സഹായവും അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും പ്രൊപ്പോസൽ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2023–24 മുതൽ മാത്രം ഈ വിഭാഗത്തിൽ 440.87 കോടി രൂപയും, 2023–24-ലെ മൂന്നാം ഗഡു മുതൽ 2025–26 വരെയുള്ള മുഴുവൻ വിഭാഗങ്ങളും ചേർത്ത് ഏകദേശം 1158 കോടി രൂപയും കേരളത്തിന് ലഭിക്കാനുണ്ടെന്നാണ് കണക്കാക്കുന്നത്.
വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ഭാഗമായി ലഭിക്കുന്ന ഫണ്ട് കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾക്കായാണ് വിനിയോഗിക്കുന്നത്—സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങൾ, SC/ST വിഭാഗങ്ങളിലെ കുട്ടികൾക്കുള്ള ഹോസ്റ്റൽ ചെലവുകൾ, യാത്രാനുകൂല്യങ്ങൾ, അതിഥി തൊഴിലാളികളുടെ കുട്ടികൾക്കും സ്കൂൾ വിട്ടുപോയ കുട്ടികൾക്കുമുള്ള പരിശീലനം, പെൺകുട്ടികളുടെ ഹോസ്റ്റൽ സൗകര്യം, സ്കൂൾ മെയിന്റനൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവയ്ക്കുള്ള കേന്ദ്ര വിഹിതം സംസ്ഥാനത്തിന് നിയമപരമായി ലഭിക്കേണ്ടതാണെന്ന് മന്ത്രി വിശദീകരിച്ചു.
സമഗ്രശിക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് 169 ഓട്ടിസം സെൻററുകൾ പ്രവർത്തിക്കുന്നതായി അദ്ദേഹം ചേർത്തു. ഓരോ സെന്ററിലും ശരാശരി 60 കുട്ടികൾക്ക് സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങിയ സൗജന്യ ചികിത്സാസൗകര്യങ്ങൾ ലഭിക്കുന്നു. പ്രത്യേക പരിശീലനമുള്ള സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും ആയമാരും ഇവിടങ്ങളിൽ സേവനം അനുഷ്ഠിക്കുന്നു. നിലവിൽ 6870 ജീവനക്കാരാണ് എസ്.എസ്.കെ പദ്ധതിയിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ രണ്ടര വർഷമായി കേന്ദ്ര ഫണ്ട് ലഭിക്കാത്ത സാഹചര്യത്തിലും പദ്ധതി പ്രവർത്തനങ്ങൾക്കും ജീവനക്കാരുടെ ശമ്പളത്തിനുമുള്ള ചെലവ് സംസ്ഥാന സർക്കാർ തടസ്സമില്ലാതെ വഹിച്ചതായും മന്ത്രി വ്യക്തമാക്കി.
