തൃശൂർ: ഐജി എന്ന വ്യാജേന പോലീസ് ജോലി വാഗ്ദാനം ചെയ്ത് പണവും സ്വർണാഭരണങ്ങളും തട്ടിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ചു. പെരിങ്ങോട്ടുകര വടക്കുമുറി സ്വദേശിയായ ഭാനുകൃഷ്ണ എന്നുവിളിക്കുന്ന മിഥുന് (28) ആണ് ശിക്ഷിക്കപ്പെട്ടത്.Fake job offer as IG; accused gets 10 years in prison
പോലീസ് ജോലിയ്ക്ക് നിയമനം ഉറപ്പാക്കാമെന്ന് പറഞ്ഞ് 5 ലക്ഷം രൂപയും 16 പവന് സ്വര്ണാഭരണങ്ങളും തട്ടിയ കേസിലാണ് വിധി .പിഴത്തുക അടച്ചാൽ ആ തുക പരാതിക്കാരിക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ പ്രതിക്ക് അധിക തടവ് അനുഭവിക്കേണ്ടി വരും.
തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയായിരുന്നു ശിക്ഷ വിധിച്ചത്. 2018 നവംബറിലാണ് സംഭവം നടന്നത്. മണ്ണുത്തി സ്വദേശിനിയുടെ മകനു പോലീസ് ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞാണ് പ്രതി തട്ടിപ്പ് നടത്തിയത്. പോലീസ് ജീപ്പിനോട് സാമ്യമുള്ള വാഹനത്തിൽ യൂണിഫോം ധരിച്ച് എത്തിയ പ്രതി ‘ഐജി’യായി നടിച്ച് സ്ത്രീയോട് വിശ്വാസം നേടി പണവും ആഭരണങ്ങളും ഏറ്റുവാങ്ങുകയായിരുന്നു.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് മണ്ണുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്നത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷ് പി. എം. നയിച്ച അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 21 സാക്ഷികളെ വിസ്തരിച്ചു, മുപ്പതോളം രേഖകളും സാമഗ്രികളും ഹാജരാക്കി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിത കെ. എയും അഡ്വക്കേറ്റ് ഋഷിചന്ദും പ്രോസിക്യൂഷന് വേണ്ടി ഹാജരായി. കോർട്ട് ലൈസൺ ഓഫീസർ സീനിയർ സിവിൽ പോലീസ് ഓഫീസർ സംഗീത് എം. ഡി. പ്രോസിക്യൂഷനെ സഹായിച്ചു.
