ഡൽഹി: ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്ഫോടനവുമായി അൽ ഫലാഹ് സർവകലാശാലയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായവർ സർവകലാശാലയിൽ ജോലി ചെയ്യുന്നവരാണെങ്കിലും, ആരോപണങ്ങളിൽ പറയുന്ന രാസവസ്തുക്കളോ സ്ഫോടക സാമഗ്രികളോ സ്ഥാപനം ഉപയോഗിച്ചിട്ടോ സൂക്ഷിച്ചിട്ടോ ഇല്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.Al Falah University clarifies its stance on those arrested, saying they have no connection to the blast
വിദ്യാർത്ഥികളുടെ പരിശീലന ആവശ്യങ്ങൾക്കായി മാത്രമാണ് സർവകലാശാലയിലെ ലാബുകൾ പ്രവർത്തിക്കുന്നതെന്നും, സ്ഫോടനവുമായി സർവകലാശാലയെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അധികൃതർ വ്യക്തമാക്കി. അന്വേഷണ ഏജൻസികളോട് പൂർണ്ണമായും സഹകരിക്കുന്നതായും അൽ ഫലാഹ് സർവകലാശാല അറിയിച്ചു.
ഫരീദാബാദിലെ സർവകലാശാലയിൽ പോലീസ് പരിശോധന തുടരുകയാണ്. ഇതുവരെ 70 പേരെ ചോദ്യം ചെയ്തതായി അന്വേഷണ സംഘം അറിയിച്ചു. പ്രതികളുമായി ബന്ധമുണ്ടാകാനിടയുള്ള മറ്റ് വ്യക്തികളെയും, പ്രത്യേകിച്ച് സർവകലാശാലയിലെ ആശുപത്രി ജീവനക്കാരെയും, പോലീസ് ചോദ്യം ചെയ്യുകയാണ്.
അതേസമയം, സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് സർവകലാശാല ക്യാമ്പസിനുള്ളിലെ പള്ളിയുടെ ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാനിൽ ആസ്ഥാനം ഉള്ള ജെയ്ഷ്-എ-മുഹമ്മദ് സംഘടനയുമായി ബന്ധമുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ ശൃംഖലയാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം. ഡോ. ഉമർ നബി, ഡോ. മുസമ്മിൽ അഹമ്മദ് ഗനായി, ഡോ. ഷഹീൻ ഷാഹിദ് എന്നിവരുള്‍പ്പെടെ അഞ്ചോ ആറോ ഡോക്ടർമാർ അടങ്ങിയ പത്തംഗ സംഘം ഈ ഭീകരസംഘടനയുടെ ഭാഗമാണെന്നു സംശയിക്കുന്നു.
