ന്യൂഡൽഹി: തെരുവുനായ പ്രശ്നത്തിൽ സുപ്രീം കോടതി നിർണ്ണായക ഇടക്കാല ഉത്തരവുമായി. റോഡുകളും പൊതുസ്ഥലങ്ങളും ഉൾപ്പെടെ തെരുവുനായകളെ നീക്കണമെന്ന് കോടതി നിർദേശിച്ചു. മൃഗങ്ങളെ കണ്ടെത്തി നീക്കം ചെയ്യുന്നതിനായി പ്രത്യേക പട്രോളിങ് സംഘങ്ങളെ നിയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു.Supreme Court issues decisive verdict on street dog issue
ദേശീയപാതകൾ ഉൾപ്പെടെ റോഡുകളിൽ കാണുന്ന കന്നുകാലികളെയും നായ്ക്കളെയും സുരക്ഷിത താവളങ്ങളിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതിന് സർക്കാർ വകുപ്പുകളും ദേശീയപാത അതോറിറ്റികളും ചേർന്ന് നടപടി സ്വീകരിക്കണം.
സർക്കാർ സ്ഥാപനങ്ങൾ, സ്പോർട്സ് കോംപ്ലക്സുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്നും തെരുവുനായകളെ നീക്കുന്നതിനായി എല്ലാ സംസ്ഥാന സർക്കാരുകളും ഉടൻ നടപടിയെടുക്കണം. സ്കൂളുകളും കോളേജുകളും ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നായ്ക്കൾ കയറാതിരിക്കാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.
ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയെക്കുറിച്ചുള്ള റിപ്പോർട്ട് എട്ട് ആഴ്ചയ്ക്കുള്ളിൽ സുപ്രീം കോടതിയെ അറിയിക്കണമെന്ന് ചീഫ് സെക്രട്ടറിമാർക്ക് കോടതി നിർദേശം നൽകി.
പിടികൂടുന്ന തെരുവുനായകളെ ഷെൽട്ടറുകളിലേക്ക് മാറ്റി വന്ധീകരണം നടത്തണം. വന്ധീകരണത്തിന് ശേഷം അവയെ പിടിച്ച അതേ സ്ഥലത്ത് തിരിച്ചുവിടരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആശുപത്രികൾ ഉൾപ്പെടെയുള്ള പൊതുവിടങ്ങളിൽ നായ്ക്കൾ കയറാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
