പത്തനംതിട്ട: വെട്ടിക്കവലയിൽ നടന്ന പൊതുപരിപാടിയിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിനെ പുകഴ്ത്തുകയും അദ്ദേഹത്തിനായി വോട്ട് അഭ്യർത്ഥിക്കുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവിന് ഡിസ്സി കാരണം കാണിക്കൽ നോട്ടീസ് നൽകി. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്ദുൾ അസീസിനാണ് ഈ നടപടി നേരിട്ടത്. ഇതോടൊപ്പം തലച്ചിറ വാർഡ് പ്രസിഡൻറ് സ്ഥാനത്തുനിന്നും അബ്ദുൾ അസീസിനെ നീക്കിയിട്ടുമുണ്ട്.Show cause notice issued to Congress leader for praising Ganesh Kumar
അതേസമയം, അബ്ദുൾ അസീസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം കോൺഗ്രസ് ചക്കുവരക്കൽ മണ്ഡലം കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്. പാർട്ടി വിരുദ്ധ നിലപാട് ആവർത്തിക്കുന്നുവെന്നാണ് മണ്ഡലം കമ്മിറ്റി ഉന്നയിക്കുന്ന ആരോപണം.
കഴിഞ്ഞ ദിവസം വെട്ടിക്കവലയിൽ നടന്ന പൊതുപരിപാടിയിലാണ് ഗതാഗതമന്ത്രി ഗണേഷ്കുമാറിനെ വാനോളം പുകഴ്ത്തിയ പ്രസംഗം അബ്ദുൾ അസീസ് നടത്തിയത്. കെ.ബി. ഗണേഷ്കുമാർ പങ്കെടുക്കുന്ന വേദിയിലായിരുന്നു പ്രസംഗം. നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ഗണേഷ്കുമാറിനെ വിജയിപ്പിക്കണമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. “ഗണേഷ്കുമാർ കായ് ഫലമുള്ള മരമാണെന്നും, കായ്ക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിയണമെന്നും” ആയിരുന്നു അബ്ദുൾ അസീസ് പ്രസംഗത്തിൽ നടത്തിയ പരാമർശം.
