തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്തിന്റെ കാലാവധി നീട്ടേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുന്നു. പി. എസ്. പ്രശാന്ത് അധ്യക്ഷനായ ഭരണസമിതിക്ക് ഇനി കാലാവധി വർധന ലഭിക്കില്ലെന്നാണ് ഇപ്പോഴത്തെ നിലപാട്. ഈ വിഷയത്തിൽ അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടാകും. പ്രശാന്തിനൊപ്പം സിപിഐ പ്രതിനിധിയായ എ. അജികുമാറും ബോർഡിൽ നിന്ന് പുറത്താകും.Travancore Devaswom Board administration changes; PS Prasanth’s term not extended
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും ഹൈക്കോടതിയുടെ കടുത്ത വിമർശനങ്ങളുമാണ് ഈ നീക്കത്തിന് പിന്നിൽ. മണ്ഡലകാലം ആരംഭിക്കുന്നതിനാൽ ഭരണസമിതിയുടെ തുടർച്ച നിലനിർത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ഓർഡിനൻസിലൂടെ കാലാവധി നീട്ടാനുള്ള ശ്രമം നേരത്തെ നടന്നിരുന്നു. എന്നാൽ, സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത് വന്നതോടെ ഈ നീക്കം രാഷ്ട്രീയമായി പ്രതികൂലമാകുമെന്ന് സർക്കാർ വിലയിരുത്തി.
നിലവിലെ ഭരണസമിതിയുടെ മിനിറ്റ്സിൽ ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടെന്നു ഹൈക്കോടതി കണ്ടെത്തിയിരുന്നു. 2025-ൽ കോടതിയുടെ അനുമതി കൂടാതെയാണ് ദ്വാരപാലകപാളി മുൻ മേൽശാന്തി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറിയത് എന്നും, ഇത് 2019-ലെ ക്രമക്കേട് മറച്ചുവയ്ക്കാനായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പരിശോധിച്ചതിന് പിന്നാലെയാണ് ഈ കടുത്ത വിമർശനം ഉണ്ടായത്.