കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിലവിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പങ്ക് പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബോർഡിന്റെ മിനിറ്റ്സ് ബുക്കിൽ ഗുരുതരമായ പിഴവുകളുണ്ടെന്ന് കോടതി കണ്ടെത്തി. 2025ൽ സ്വർണപാളി കൈമാറിയ വിവരം മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണ സംഘം സമർപ്പിച്ച രണ്ടാമത്തെ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മിനിറ്റ്സ് ബുക്കിന്റെ പകർപ്പ് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു.Sabarimala gold loot: High Court orders probe into Devaswom Board’s role
മിനിറ്റ്സിൽ നിരവധി കാര്യങ്ങൾ രേഖപ്പെടുത്തുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. സ്വർണപ്പാളി അളക്കാൻ പോറ്റി നന്ദൻ എന്നയാളെ നിയോഗിച്ചതായും, നട തുറന്നിരിക്കുമ്പോഴാണ് അളക്കൽ നടന്നതെന്നും അന്വേഷണ സംഘം റിപ്പോർട്ടിൽ അറിയിച്ചു. വാതിൽ പാളിയുടെ അറ്റകുറ്റപ്പണിയിലും ക്രമക്കേടുകൾ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനാവശ്യമായ സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അന്വേഷണം ശാസ്ത്രീയമായി മുന്നോട്ട് പോകണമെന്ന് എസ്ഐടി കോടതിയോട് ആവശ്യപ്പെട്ടു. എഡിജിപി എച്ച്. വെങ്കിടേഷ്, എസ്പി ശശിധരൻ എന്നിവർ ഹൈക്കോടതിയിൽ ഹാജരായി. അടച്ചിട്ട മുറിയിലാണ് വാദം നടന്നത്.
കേസിൽ അഴിമതി നിരോധന നിയമം ബാധകമാണോ എന്ന് എസ്ഐടി പരിശോധിക്കണമെന്നും, ദേവസ്വം ബോർഡിനും സംഭവത്തിൽ പങ്കുണ്ടോയെന്ന് വിശദമായ അന്വേഷണം വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ശ്രീകോവിലിന്റെ സ്വർണപ്പാളി പൊതിഞ്ഞ പ്രധാന വാതിൽ പോറ്റിക്ക് നൽകിയതിലും അന്വേഷണം ആവശ്യമാണ്. ഹർജി മൂന്ന് ആഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
