തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ അനൈക്യത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കമാൻഡ്. പ്രശ്നപരിഹാരത്തിനായി ഡൽഹിയിൽ വിളിച്ചുകൂട്ടിയ യോഗത്തിൽ രാഹുൽ ഗാന്ധി സംസ്ഥാന നേതാക്കൾക്ക് കർശന മുന്നറിയിപ്പ് നൽകി. അനൈക്യം തുടർന്നാൽ വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും, വിഭാഗീയതയിൽ പാർട്ടി മുന്നേറാനാവില്ലെന്നും രാഹുൽ വ്യക്തമാക്കി.High command’s ultimatum to Congress leaders
ഡിസിസി അധ്യക്ഷന്മാരുടെയും കെപിസിസി സെക്രട്ടറിമാരുടെയും പുനഃസംഘടന നീണ്ടുനിൽക്കുന്ന സാഹചര്യത്തിലാണ് നേത്യത്വത്തിലെ അഭിപ്രായവ്യത്യാസങ്ങൾ തുറന്നുകാട്ടപ്പെട്ടത്. കെപിസിസിയുടെ ആദ്യഘട്ട പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചിട്ടും, പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തി നേതൃയോഗം വിളിക്കാത്തതിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വർക്കിംഗ് പ്രസിഡന്റുമാരും അതൃപ്തി പ്രകടിപ്പിച്ചു.
കേരള ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും യോഗം മാറ്റിവെച്ചതിൽ അമർഷം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. പാർട്ടിയുടെ പ്രധാന കാര്യങ്ങളിൽ തനിക്കൊപ്പം ആലോചന നടക്കാത്തതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുറന്നടിച്ചു. കെപിസിസി അധ്യക്ഷൻ പാർട്ടിയെ നിയന്ത്രിക്കുന്നില്ലെന്നും, വർക്കിംഗ് പ്രസിഡന്റുമാർ പാർട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും സതീശൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും സൂചന.
