ഇടുക്കി: അടിമാലിയിലെ മണ്ണിടിച്ചിലിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സമർപ്പിക്കുമെന്ന് ദേവികുളം സബ് കളക്ടർ വി. എം. ആര്യ അറിയിച്ചു. മണ്ണിടിച്ചിലിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള പരിശോധന ഇന്ന് ആരംഭിച്ചതായി അവര് അറിയിച്ചു. ഇതിന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സബ് കളക്ടർ കൂട്ടിച്ചേർത്തു.Adimali landslide report to be submitted within two days: Sub-Collector
നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ അടുത്ത രണ്ടു ദിവസത്തിനകം താത്കാലികമായി പുനരധിവസിപ്പിക്കുമെന്ന് സബ് കളക്ടർ വ്യക്തമാക്കി. ഇതിനായി കെഎസ്ഇബിയുടെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകളിലേക്കാണ് ഇവരെ മാറ്റാനുള്ള പദ്ധതി. വീടുകൾ പൂർണ്ണമായും തകർന്ന എട്ട് കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകുന്നത്. തുടർന്ന് അപകടഭീഷണി നേരിടുന്ന മറ്റു വീടുകളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
ക്യാമ്പുകൾ എത്രയും പെട്ടെന്ന് പിരിച്ചുവിട്ട് ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും വി. എം. ആര്യ വ്യക്തമാക്കി. ഇതേസമയം, മണ്ണിടിച്ചിലുണ്ടായ അടിമാലി കൂമ്പൻപാറ പ്രദേശത്ത് യാതൊരു നിർമ്മാണപ്രവർത്തനവും നടന്നിരുന്നില്ലെന്ന് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) വിശദീകരിച്ചു.
