ഇടുക്കി: മുട്ടം കോടതി റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷാജി തെങ്ങുംപിള്ളി നടത്തുന്ന 48 മണിക്കൂർ നിരാഹാര സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. 22-നു ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച സമരം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തിരുന്നു. സമരത്തിൽ റോഡ് അടിയന്തര ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു.Hunger strike for Court Road enters second day
രണ്ടാം ദിവസവും നിരവധി പാർട്ടി പ്രവർത്തകരും നാട്ടുകാരും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തി. റോഡിന്റെ ശോചനീയാവസ്ഥ കാരണം കോടതി സമീപത്തേക്ക് കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടാവുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കി.
അധികാരികളിൽ നിന്നുള്ള അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കളും അഭിഭാഷകരും നേരത്തെ സമരപ്പന്തലിൽ എത്തി പിന്തുണ അറിയിച്ചു.48 മണിക്കൂർ പൂർത്തിയാക്കി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ സമരം അവസാനിക്കും.
ഇന്നത്തെ സമരം എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് ഗഫൂർ കാടാമ്പുഴ ഉദ്ഘാടനം ചെയ്തു. എൻ.സി.പി സംസ്ഥാന സെക്രട്ടറി ആബീദ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. നാഷണലിസ്റ്റ് കിസാൻ സഭ നേതാക്കൾ കഴിഞ്ഞ ദിവസം സമരത്തിന് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി അനിൽ പാറയിൽ നന്ദി അറിയിച്ചു.
