തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിൽ നടന്ന ഡി.ജെ. പാർട്ടിക്കിടെ വൻ സംഘർഷം നടന്നു. പാർട്ടിയിലുണ്ടായിരുന്ന രണ്ട് സംഘങ്ങൾ തമ്മിലായിരുന്നു ഈ കൂട്ടത്തല്ല്. ലഹരി മരുന്ന് കേസുകളിലും കൊലപാതക കേസുകളിലും പ്രതികളായ ചിലരും പാർട്ടിയിൽ പങ്കെടുത്തിരുന്നതായി വിവരം.Clashes during DJ party at Thiruvananthapuram hotel
സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പാളയത്തിലെ സൗത്ത് പാർക്ക് ഹോട്ടലിന് പോലീസ് നോട്ടീസ് നൽകി. ഹോട്ടലിനകത്തും തുടർന്ന് റോഡിലുമാണ് ഏറ്റുമുട്ടൽ നടന്നത്. ഔദ്യോഗികമായി ആരും പരാതിയുമായി എത്തിയിട്ടില്ലെങ്കിലും, റോഡിലുണ്ടായ സംഘർഷത്തെ അടിസ്ഥാനപ്പെടുത്തി പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ്.
പാർട്ടി നടന്ന ഹാളിൽ സി.സി.ടി.വി. സംവിധാനം ഉണ്ടായിരുന്നില്ലെന്നും, സംഘാടകരുടെ വിവരങ്ങൾ ഹോട്ടൽ അധികൃതർ പോലീസിനോട് വെളിപ്പെടുത്തിയില്ലെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ആദ്യം പരാതി നൽകിയ ഒരാൾ പിന്നീട് അത് പിൻവലിച്ചതായും, നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരില്ലെന്നുമാണ് പോലീസ് വ്യക്തമാക്കിയത്.
