തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രധാന പ്രതിയായ സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയെ അറസ്റ്റ് ചെയ്തു. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘമാണ് (SIT) അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത് ഏകദേശം 12 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് നടപടി. ഇന്ന് റാന്നി കോടതിയില്‍ പോറ്റിയെ ഹാജരാക്കും. റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയായതായി പൊലീസ് അറിയിച്ചു.Sabarimala gold robbery: Unnikrishnan Potty arrested
എസ്.പി. ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിപ്പട്ടികയിലുള്ളവരില്‍ ഇതാദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.
2019-ല്‍ ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെയും സ്വര്ണപ്പാളികളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണപ്പാളികള്‍ കാണാതായ സംഭവങ്ങളിലാണ് പോറ്റിക്കെതിരെ കേസ്. രാവിലെ പത്ത് മണിയോടെ തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്തിലെ വീട്ടില്‍ നിന്നാണ് പോറ്റിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇയാളെ ഈഞ്ചക്കലയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് എത്തിച്ചത്.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പോറ്റിയെ രാത്രി വൈകിയും ചോദ്യം ചെയ്തു. അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകളെ അടിസ്ഥാനമാക്കി നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പോറ്റിയുടെ മൊഴികളില്‍ വൈരുധ്യങ്ങളുണ്ടെന്ന് സംഘം വ്യക്തമാക്കി.
കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി സന്നിധാനത്ത് ഉള്‍പ്പെടെ ശേഖരിച്ച തെളിവുകള്‍ പരിശോധിച്ചാണ് ചോദ്യം ചെയ്യലുകള്‍ നടന്നത്. സ്വര്‍ണപ്പാളികള്‍ കാണാതായ 39 ദിവസങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രധാനമായും അന്വേഷിച്ചത്. എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള പരിശോധനയില്‍ സുപ്രധാനമായ തെളിവുകള്‍ കണ്ടെത്തിയതായും സൂചനയുണ്ട്.
