തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിനെ ഉടൻ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അനിൽ അക്കര കേന്ദ്ര ധനകാര്യ വകുപ്പിനും ഇഡി ഡയറക്ടർക്കും പരാതി നൽകി. ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ വിവേക് കിരണിന് അയച്ച സമൻസിൽ തുടർനടപടി ഇല്ലാത്തതാണ് പരാതിക്ക് പിന്നിലെ കാരണം.CM’s son should be questioned immediately; Anil Akkara files complaint
കേസിലെ പ്രതികളായ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവർ 2023-ൽ മുഖ്യമന്ത്രിയുടെ മകനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ പ്രതിചേർത്തതും അറസ്റ്റ് ചെയ്തതും. അദ്ദേഹം ഹാജരായതുമില്ല. ഇതാണ് കേസിൽ ദുരൂഹത സൃഷ്ടിച്ചതെന്ന് അനിൽ അക്കര ചൂണ്ടിക്കാട്ടി.
മകന്റെ സമൻസ് പാർട്ടി ഫോറങ്ങളിലെങ്ങും മുഖ്യമന്ത്രി അറിയിച്ചിരുന്നില്ലെന്നാണ് വിവരം. ഇതുവരെ വിഷയത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും വ്യക്തമായ മറുപടി നൽകിയിട്ടില്ല.
അതേസമയം, മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് ലഭിച്ചതായി സിപിഎം ജനറൽ സെക്രട്ടറി എം. എ. ബേബി സ്ഥിരീകരിച്ചു. “ഇഡി നോട്ടീസ് അയച്ചത് പേടിപ്പിക്കാനാണ്; യാതൊരു അടിസ്ഥാനവുമില്ലാത്ത നോട്ടീസായിരുന്നു അത്,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. “നോട്ടീസ് കിട്ടിയിട്ടും പ്രതികരണം ഒന്നുമില്ലെന്ന് കണ്ടപ്പോൾ ഇഡി പിന്നെ നീങ്ങിയില്ല,” എന്നും ബേബി കൂട്ടിച്ചേർത്തു.
ബിജെപി സർക്കാരിന്റെ “എക്സ്റ്റെൻഷൻ ഡിപ്പാർട്മെന്റാണ് ഇഡി” എന്നാണ് എം. എ. ബേബിയുടെ ആരോപണം. ശബരിമല സ്വർണക്കൊള്ള വിഷയത്തിലും പാർട്ടിക്ക് ഒളിക്കാനൊന്നുമില്ലെന്നും തെറ്റ് ചെയ്തവർ ആരായാലും വെളിച്ചത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
