വർഗീയതയും ലഹരിയും പോലുള്ള സാമൂഹിക വിപത്തുകളെ അതീവ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരത്തിലുള്ള ദോഷങ്ങളെ പൂർണമായും ഉന്മൂലനം ചെയ്യാനുള്ള പരിശ്രമം ശക്തമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.Communalism should be taken seriously: Chief Minister Pinarayi Vijayan
കേരള പൊലീസ് അക്കാദമിയിൽ സബ് ഇൻസ്പെക്ടർമാരുടെ 31-ാം ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
എല്ലാ മേഖലകളിലും കേരള പൊലീസ് രാജ്യത്ത് മുൻപന്തിയിലാണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റകൃത്യങ്ങൾ തടയുക മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളിൽ ജനങ്ങളോടൊപ്പം നിൽക്കുകയും അവരിൽ വിശ്വാസം വളർത്തുകയും ചെയ്യുക പൊലീസ് സംവിധാനത്തിന്റെ പ്രധാന ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തസാഹചര്യങ്ങളിൽ ജനങ്ങൾ ആദ്യം സമീപിക്കുന്നത് പൊലീസിനെയാണെന്നും, ആ വിശ്വാസം കാത്തുസൂക്ഷിക്കുന്നത് അത്യന്തം നിർണായകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
