ബെർലിൻ: ജർമ്മനിയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേയർ ആക്രമണത്തിനിരയായി. പശ്ചിമ ജർമ്മനിയിലെ ഹെർഡെക്കെയിലായിരുന്നു സംഭവം. 57-കാരിയായ ഐറിസ് സ്റ്റാൾസറെയാണ് വീട്ടിനടുത്ത് യുവാക്കളുടെ സംഘം ആക്രമിച്ചത്. കഴുത്തിലും വയറ്റിലും കുത്തേറ്റ സ്റ്റാൾസർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.Mayor attacked in Germany; health condition critical, report says
നവംബർ ഒന്നിന് മേയറായി അധികാരമേൽക്കാനിരിക്കെയാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച ഉച്ചയോടെ വീടിന് സമീപം നടക്കുമ്പോഴാണ് അക്രമസംഘം ഇവരെ സമീപിച്ച് കുത്തിയത് എന്നാണ് റിപ്പോർട്ട്. കുത്തേറ്റതിനെ തുടർന്ന് സ്റ്റാൾസർ വലിഞ്ഞിഴഞ്ഞ് വീട്ടിലെത്തി സഹായം തേടുകയായിരുന്നു.
സംഭവത്തിൽ അക്രമികൾക്കായുള്ള പോലീസ് തിരച്ചിൽ തുടരുകയാണ്. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും, ആരുടെയും പങ്ക് ഇപ്പോൾ തള്ളിക്കളയാനാവില്ലെന്നും പോലീസ് അറിയിച്ചു.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിലെ നേതാവാണ് ഐറിസ് സ്റ്റാൾസർ. പാർട്ടി നിലവിൽ ജർമൻ സർക്കാരിന്റെ കൂട്ടുകക്ഷിയിലാണ്.
