ബെർഹാംപൂർ (ഒഡീഷ): മുതിർന്ന ബിജെപി നേതാവും അഭിഭാഷകനുമായ വിവരാവകാശ പ്രവർത്തകൻ പിതാബാഷ പാണ്ഡെ വെടിയേറ്റ് മരിച്ചു. ബെർഹാംപൂരിലെ പാർക്ക് സ്ട്രീറ്റ് പ്രദേശത്ത് രാത്രി വൈകിയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേർ പാണ്ഡെയെ നേരിട്ട് ലക്ഷ്യമാക്കി വെടിവെച്ചെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.BJP leader Pitabasha Pandey shot dead in Odisha
രാത്രി 9.40ഓടെ ചേംബറിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു ആക്രമണം. നെഞ്ചിൽ വെടിയേറ്റ പാണ്ഡെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വഴിയരികിൽ കുഴഞ്ഞുവീണു. നാട്ടുകാർ ഉടൻ തന്നെ എംകെസിജി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒഡീഷ ബാർ കൗൺസിൽ അംഗവും നിരവധി ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റുമായ പിതാബാഷ പാണ്ഡെ ദീർഘകാലം കോൺഗ്രസിൽ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം ബിജെപിയിൽ ചേർന്നിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
