കണ്ണൂർ: കണ്ണൂർ അഴീക്കലിൽ വയോധികനെ യുവാക്കൾ ക്രൂരമായി മർദിച്ചതായി പരാതി. റോഡിൽ കാർ നിർത്തിയതിനെ തുടർന്ന് ഉണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്.Youths beat up elderly man in Azhikkal
അഴീക്കൽ മുണ്ടച്ചാലിലെ ബാലകൃഷ്ണൻ (77) റോഡരികിൽ കാർ നിർത്തിയതിനെ ചോദ്യം ചെയ്ത യുവാക്കൾ ആദ്യം വാക്കേറ്റത്തിൽ ഏർപ്പെട്ടു. തുടർന്ന് ബാലകൃഷ്ണൻ യുവാക്കളോട് അസഭ്യം പറഞ്ഞുവെന്നാരോപിച്ച് സംഘം ചേർന്ന് ഇയാളെ മർദിച്ചു. കാറിനകത്ത് ഇരിക്കുമ്പോഴാണ് ആദ്യം ആക്രമണം നടന്നത്. തുടർന്ന് ഇയാൾ ഇറങ്ങിച്ചെന്നപ്പോൾ യുവാക്കൾ പിന്തുടർന്ന് വീണ്ടും കയ്യേറ്റം നടത്തുകയും മർദിക്കുകയും ചെയ്തു.
സംഭവസമയത്ത് ബാലകൃഷ്ണൻ രക്ഷപ്പെടാനായി സമീപത്തെ കടയിൽ കയറുകയായിരുന്നെങ്കിലും യുവാക്കൾ അവിടെ കയറി വീണ്ടും ആക്രമിച്ചു. പിന്നീട് നാട്ടുകാർ ഇടപെട്ടതോടെയാണ് സംഘർഷം അവസാനിച്ചത്.
മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നത്. ഇന്നലെ ബാലകൃഷ്ണൻ വളപട്ടണം പോലീസ് സ്റ്റേഷനിൽ എത്തി യുവാക്കൾക്കെതിരെ പരാതി നൽകി. കണ്ടാൽ തിരിച്ചറിയാവുന്ന പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
