ഡൽഹി: രാജ്യ തലസ്ഥാനത്ത് കോളറ വ്യാപനം ഗുരുതരമാകുന്നു. വയറിളക്കം, ഛർദ്ദി, നിർജലീകരണം തുടങ്ങിയ ലക്ഷണങ്ങളുമായി നിരവധി പേർ ആശുപത്രികളിൽ ചികിത്സ തേടിയതായി റിപ്പോർട്ടുകൾ പറയുന്നു. മലിനജലവും ശുചിത്വമില്ലായ്മയുമാണ് രോഗവ്യാപനത്തിന് പ്രധാന കാരണം എന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.Cholera outbreak intensifies in Delhi
ഡൽഹിയിലെ വിവിധ ആശുപത്രികളിൽ പ്രതിദിനം ഡസൻ കണക്കിന് രോഗികൾ കോളറ ലക്ഷണങ്ങളുമായി എത്തുകയാണ്. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം 104 വാർഡുകളിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും 240 പേർ ചികിത്സ തേടിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം രോഗബാധിതരുടെ എണ്ണം ഏറെ കൂടുതലാണ്. ശുദ്ധജലവിതരണം തടസപ്പെടുകയും മലിനജല ഒഴുക്കിനുള്ള സൗകര്യം കുറവായ പ്രദേശങ്ങളിലാണ് രോഗവ്യാപനം കൂടുതലായി കാണുന്നത്.
വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ഡൽഹി മുനിസിപ്പൽ കോർപറേഷൻ പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ജലസ്രോതസുകളുടെ പരിശോധനയും ശുചീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ജലസാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും കോർപറേഷൻ അറിയിച്ചു. പൊതുജനങ്ങൾ ജലം തിളപ്പിച്ച് മാത്രമേ കുടിക്കാവൂ എന്നും കൈകൾ വൃത്തിയായി നിരന്തരം കഴുകണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
