കാസർകോട്: കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പലസ്തീൻ ഐക്യദാർഢ്യ മൈം നിർത്തിവെച്ച സംഭവത്തിൽ ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. കലോത്സവ മാനുവലിന് വിരുദ്ധമായ രീതിയിലാണ് മൈം അവതരിപ്പിച്ചതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം പരിഗണിച്ചാണ് കലോത്സവം താൽക്കാലികമായി നിർത്തിവെച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.Palestine Mime on stage again at Kumbala School; DDE submits report
അതേസമയം, അധ്യാപകർ നിർത്തിവെച്ച ഫലസ്തീൻ ഐക്യദാർഢ്യ മൈം ഇന്ന് വീണ്ടും സ്റ്റേജിൽ അവതരിപ്പിക്കാനാണ് തീരുമാനം. കുമ്പള ജിഎച്ച്എസ്എസിൽ ഉച്ചയ്ക്ക് 12 മണിക്കാണ് വിദ്യാർത്ഥികൾ മൈം അവതരിപ്പിക്കുക. ആരോപണ വിധേയരായ രണ്ട് അധ്യാപകരേയും മാറ്റി നിർത്താൻ തീരുമാനിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ടാണ് പ്ലസ് ടു വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം നിർത്തിവെച്ചത്. ഇതിനെ തുടർന്ന് എം.എസ്.എഫ്.യും എസ്.എഫ്.ഐ.യും സ്കൂളിലേക്ക് പ്രതിഷേധ മാർച്ചുകൾ നടത്തി. ശനിയാഴ്ച നിർത്തിവെച്ച കലോത്സവം ഇന്ന് രാവിലെ മുതൽ വീണ്ടും തുടർന്നതോടെയാണ് വിദ്യാർത്ഥികൾക്ക് അതേ മൈം അവതരിപ്പിക്കാൻ അനുമതി ലഭിച്ചത്.
വിദ്യാഭ്യാസ മന്ത്രി നേരത്തേ അന്വേഷണം നിർദ്ദേശിക്കുകയും, വിദ്യാർത്ഥികൾക്ക് മൈം വീണ്ടും അവതരിപ്പിക്കാൻ അനുമതി നൽകുമെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിഡിഇയുടെ റിപ്പോർട്ടിൽ കലോത്സവ മാനുവൽ ലംഘനമുണ്ടായതായി കണ്ടെത്തിയിരിക്കുന്നത്.
