അമേരിക്കയിലെ ഭരണസ്തംഭനം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നതിനൊപ്പം ജനങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഡെമോക്രാറ്റുകളെ അനുകൂലിക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള ഫണ്ട് മരവിപ്പിക്കാനുള്ള ഉത്തരവ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ചു. അടച്ചുപൂട്ടല്‍ ഇനിയും നീളാമെന്ന സൂചന വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നല്കി.US government shutdown enters third day
അടച്ചുപൂട്ടലോടെ ഏകദേശം ഏഴ് ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് പ്രതിസന്ധിയിലായത്. ഇതില്‍ മൂന്നര ലക്ഷത്തോളം പേരെ പിരിച്ചുവിടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് സെനറ്റില്‍ അവതരിപ്പിക്കുന്ന ഹ്രസ്വകാല ധനവിനിയോഗ ബില്ലിന് ഡെമോക്രാറ്റുകള്‍ പിന്തുണ നല്‍കാത്ത പക്ഷം ഭരണസ്തംഭനം കൂടുതല്‍ നീണ്ടുപോകാനിടയുണ്ടെന്നാണ് സൂചന. അടച്ചുപൂട്ടല്‍ ഒരാഴ്ച നീണ്ടുനില്ക്കുമ്പോഴൊന്നിന് 0.1 മുതല്‍ 0.2 ശതമാനം വരെ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയില്‍ തിരിച്ചടിയുണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. നിലവില്‍ അനിവാര്യ സേവനങ്ങള്‍ മാത്രമാണ് പ്രവര്‍ത്തനക്ഷമം.
ഒക്ടോബര്‍ ഒന്നിനാണ് ഭരണസ്തംഭനം പ്രഖ്യാപിച്ച് ട്രംപ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിക്കുന്ന 12 വാര്‍ഷിക ധനബില്ലുകള്‍ കോണ്‍ഗ്രസില്‍ അംഗീകരിക്കാത്തതും പ്രസിഡന്റ് ഒപ്പിടാത്തതുമാണ് ഇത്തരം സാഹചര്യങ്ങള്‍ക്ക് കാരണമാകുന്നത്. ഇത്തവണത്തെ തര്‍ക്കം പ്രധാനമായും ആരോഗ്യരംഗത്തെ സബ്സിഡി, പ്രത്യേകിച്ച് ഒബാമകെയറിനുള്ള സഹായം സംബന്ധിച്ചാണ്. സബ്സിഡി ഒഴിവാക്കണമെന്ന് റിപ്പബ്ലിക്കന്മാര് ആവശ്യപ്പെടുമ്പോള്‍, അത് നിലനിര്‍ത്തണമെന്ന നിലപാടിലാണ് ഡെമോക്രാറ്റുകള്‍. അതുകൊണ്ട് ചര്‍ച്ചകള്‍ തുടര്‍ന്നാലും ധാരണയിലെത്താനുള്ള സാധ്യത വളരെ കുറവാണ്.
1981ന് ശേഷം അമേരിക്ക അനുഭവിക്കുന്ന പതിനഞ്ചാമത്തെ ഭരണസ്തംഭനമാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യ ട്രംപ് ഭരണകാലത്ത് 2018ല്‍ 35 ദിവസത്തോളം നീണ്ട ഷട്ട്ഡൗണ്‍ ഉണ്ടായിരുന്നു. അന്നത്തെ ഭരണസ്തംഭനത്തില്‍ 800,000 ഫെഡറല്‍ ജീവനക്കാരില്‍ 340,000 പേരെ പിരിച്ചുവിട്ടിരുന്നു.
