വാഷിങ്ടൺ: വെസ്റ്റ് ബാങ്ക് കൈവശപ്പെടുത്താൻ ഇസ്രായേലിന് ഒരിക്കലും അനുവദിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇക്കാര്യം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എൻ. സമ്മേളനത്തിൽ പങ്കെടുക്കാനായി വെള്ളിയാഴ്ച നെതന്യാഹു അമേരിക്കയിലെത്താനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം വന്നത്. വെസ്റ്റ് ബാങ്ക് ഇസ്രയേൽ കീഴടക്കുന്നത് “ഒരിക്കലും നടക്കാത്ത കാര്യമാണ്” എന്നും അറബ്-മുസ്ലിം രാഷ്ട്രങ്ങളുടെ നേതാക്കളുമായി നടത്തിയ യോഗത്തിലും ഇത് ചർച്ചയായിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി.Trump says he won’t allow Israel to annex West Bank
അതേസമയം, യുദ്ധാനന്തരം ഗാസയിൽ ഹമാസിന് സ്ഥാനം ഉണ്ടാകില്ലെന്ന് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി. ഹമാസ് ആയുധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ 2023-ൽ ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തെ പലസ്തീൻ ജനത അംഗീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
ഗാസ നേരിടുന്നത് വംശഹത്യ, പട്ടിണി, പലായനം എന്നിവയാണെന്ന് അബ്ബാസ് ആരോപിച്ചു. ഹമാസ് പലസ്തീനെ പ്രതിനിധീകരിക്കുന്നില്ലെന്നും ഗാസയുടെ ഭരണം ഏറ്റെടുക്കാൻ പലസ്തീൻ അതോറിറ്റി തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവിൽ വെസ്റ്റ് ബാങ്കും കിഴക്കൻ ജറുസലേമും മാത്രമാണ് പലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ളത്. ബ്രിട്ടൻ ഉൾപ്പെടെയുള്ള പാശ്ചാത്യ രാഷ്ട്രങ്ങൾ പലസ്തീനിനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചതിനെ അബ്ബാസ് സ്വാഗതം ചെയ്തു.
ഇതിനിടെ, യുഎൻ പൊതുസഭയുടെ സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കാൻ അബ്ബാസിന് അമേരിക്ക വീസ നൽകിയിരുന്നില്ല. ഇതോടെ അദ്ദേഹം വിഡിയോ സന്ദേശമായിട്ടാണ് പൊതുസഭയെ അഭിസംബോധന ചെയ്തത്.
