ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ 13കാരൻ ഒരു ജീവൻ പണയം വെച്ച സാഹസിക ശ്രമത്തിലൂടെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് എത്തി. കെഎഎം എയർ വിമാനത്തിന്റെ വീൽ ബേയ്ക്കുള്ളിൽ ഒളിച്ചിരുന്നാണ് അവൻ യാത്ര ചെയ്തത്. ഏകദേശം ഒന്നര മണിക്കൂർ നീണ്ട അപകടകരമായ യാത്രയ്ക്കുശേഷം കുട്ടി സുരക്ഷിതമായി ഇന്ത്യയിലെത്തി.Afghan boy reaches Delhi after hiding in wheel bay
ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് കുട്ടി വിമാനത്തിലേക്ക് കയറിയത്. വിമാനമിറാൻ പോകുന്നതാണെന്ന തെറ്റിദ്ധാരണയിലാണ് അവൻ കാബൂൾ–ഡൽഹി സർവീസിൽ കയറിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 94 മിനിറ്റ് നീണ്ട യാത്രക്കുശേഷം എയർബസ് A340 രാവിലെ 10.20ഓടെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. ലാൻഡിംഗിന് പിന്നാലെ വീൽ ബേയിൽ നിന്ന് കുട്ടി പുറത്തുവരുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
നിയന്ത്രിത മേഖലയിലൂടെ അലഞ്ഞുതിരിഞ്ഞുനടന്ന കുട്ടിയെ കണ്ട സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് CISF, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ, ലോക്കൽ പൊലീസ് എന്നിവർ ചേർന്ന് കുട്ടിയെ ചോദ്യം ചെയ്തു. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കാനോ പിഴ ചുമത്താനോ സാധിക്കില്ലന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷിതമായി കുടുംബത്തോട് തിരിച്ചയക്കുക എന്നതാണ് മുൻഗണനയായിരുന്നത്. ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് കുട്ടിയെ ഞായറാഴ്ച വൈകുന്നേരം തന്നെ കാബൂളിലേക്ക് മടക്കി അയച്ചത്.
30,000 അടി ഉയരത്തിൽ, -40 മുതൽ -60 ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന താപനിലയും കുറയുന്ന ഓക്സിജൻ നിലയും സഹിച്ച് കുട്ടി ജീവൻ നിലനിർത്തിയത് “അത്ഭുതം” മാത്രമാണ് എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ചണ്ഡീഗഢിലെ PGIMERയിലെ ഡോ. രിതിൻ മൊഹീന്ദ്രയുടെ വാക്കുകളിൽ, ഇത്തരം സാഹചര്യത്തിൽ മിനിറ്റുകൾക്കുള്ളിൽ അബോധാവസ്ഥയിലാകുകയും മരണസാധ്യതയും ഉയരുകയും ചെയ്യും. ലോകതലത്തിൽ ഇത്തരം ശ്രമങ്ങളിൽ വെറും 20% പേരാണ് മാത്രം അതിജീവിക്കാൻ കഴിഞ്ഞിട്ടുള്ളത്.
ഈ സംഭവത്തോടെ കാബൂൾ വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ആശങ്കകൾ ശക്തമായി ഉയർന്നിരിക്കുകയാണ്. തുടർന്ന് പരിശോധനകളും കൂടുതൽ കര്ശനമാക്കിയതായി സൂചന.
