മോസ്കോ: റഷ്യയുടെ കിഴക്കൻ അറ്റമായ കംചത്ക ഉപദ്വീപിൽ ശക്തമായ ഭൂചലനം. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ സംഭവിച്ച ഭൂചലനത്തിന് റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി. തുടർന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു.Strong earthquake in Russia
കംചത്ക തലസ്ഥാനമായ പെട്രോപവ്ലോസ്ക്-കംചതസ്കിയിൽ നിന്ന് ഏകദേശം 128 കിലോമീറ്റർ അകലെയും 10 കിലോമീറ്റർ ആഴത്തിലുമായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിന് പിന്നാലെ ആറു തുടർചലനങ്ങളും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ വലിയ നാശനഷ്ടങ്ങളുടെ വിവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും, പരമാവധി രണ്ട് അടിവരെ ഉയരമുള്ള സുനാമി തിരകൾ ഉണ്ടാകാമെന്ന് മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു.
പസഫിക് സമുദ്രത്തിലെ “റിങ് ഓഫ് ഫയർ” പ്രദേശത്തിലാണ് കംചത്ക സ്ഥിതിചെയ്യുന്നത്. ഭൂചലനങ്ങൾക്ക് പ്രശസ്തമായ ഈ മേഖലയിലാണ് കഴിഞ്ഞ ജൂലൈയിലും 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അന്ന് ഉണ്ടായ സുനാമി തീരദേശ ഗ്രാമം കടലെടുത്തിരുന്നു.
