ഇടുക്കി: ചിത്തിരപുരത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച തൊഴിലാളികളുടെ പോസ്റ്റ്മോർട്ടം ഇന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ നടക്കും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തിൽ മരിച്ചവർ ചിത്തിരപുരം ശങ്കുപ്പടി സ്വദേശി രാജീവനും ബൈസൺവാലി സ്വദേശി ബെന്നിയുമാണ്.Landslide during resort construction in Idukki; Two workers killed
റിസോർട്ട് നിർമ്മാണത്തിനായി സംരക്ഷണ ഭിത്തി പണിതുകൊണ്ടിരിക്കുമ്പോഴാണ് ഇന്നലെ വൈകിട്ട് മണ്ണിടിച്ചിൽ ഉണ്ടായത്. മുകളിലെ മണ്ണ് തെന്നിവീണതോടെ തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടതാണ് ദുരന്തത്തിന് കാരണമായത്. സംഭവം നടന്ന റിസോർട്ടിന് അനധികൃത നിർമ്മാണമെന്ന പേരിൽ മുമ്പ് തന്നെ മൂന്നാർ സ്പെഷ്യൽ തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. വില്ലേജ് ഓഫീസ് സീൽവച്ചിരുന്നിട്ടും അനുമതിയില്ലാതെ പണി തുടരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തൊഴിലാളികൾ ഒരുമണിക്കൂറിലേറെ മണ്ണിനടിയിൽ പെട്ടുകിടന്നു.
കനത്ത മഴയും കെട്ടിടത്തിലേക്കുള്ള ഇടുങ്ങിയ പാതയും രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. മൂന്നാറിലും അടിമാലിയിലുമായി എത്തിയ ഫയർഫോഴ്സ് സംഘവും പോലീസും തൊഴിലാളികളും ചേർന്നാണ് മൃതദേഹങ്ങളെ പുറത്തെടുത്തത്.
നിയമലംഘനം നടത്തിയ ഉടമ ഷെറിൻ അനിലക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മൂന്നാർ സ്പെഷ്യൽ തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് തുടർനടപടി ശിപാർശ ചെയ്യുക. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
