ഗസ്സ: ഇസ്രായേലിന്റെ നിർബന്ധിത കുടിയിറക്ക ഭീഷണികളും നിരന്തരമായ ബോംബാക്രമണങ്ങളും തുടരുന്ന സാഹചര്യത്തിലും വടക്കൻ ഗസ്സയിൽ ഇന്നും പത്ത് ലക്ഷത്തിലധികം ഫലസ്തീനികൾ കഴിയുന്നുവെന്ന് ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് ചൊവ്വാഴ്ച അറിയിച്ചു. ഗസ്സ നഗരത്തെയും പരിസര പ്രദേശങ്ങളെയും ഉൾപ്പെടെ 1.3 ദശലക്ഷം പേരിൽ ഏകദേശം 1.1 ദശലക്ഷം പേർ ഇപ്പോഴും വടക്കൻ മേഖലയിൽ തുടരുന്നു. ഇവരിൽ 1.9 ലക്ഷം പേർ തെക്കോട്ട് പലായനം ചെയ്തെങ്കിലും, ‘സുരക്ഷിത മേഖലകൾ’ എന്ന് പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിലെ അതികഠിനമായ അവസ്ഥകൾ കാരണം 15,000 പേർ തിരിച്ചെത്തിയതായും അറിയിച്ചു.Israel to capture Gaza City
ഖാൻ യൂനിസിനടുത്തുള്ള റഫായിലെയും അൽ-മവാസിയിലെയും ക്യാമ്പുകളിലും ഇസ്രായേൽ ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നും അവിടെ നിന്ന് ജനങ്ങളെ വീണ്ടും ഒഴിയാൻ നിർദേശിച്ചതായും പ്രസ്താവനയിൽ പറയുന്നു. കുടിവെള്ളം, ഭക്ഷണം, പാർപ്പിടം, വൈദ്യുതി, വിദ്യാഭ്യാസം, ചികിത്സ തുടങ്ങി ജീവിതത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഈ പ്രദേശങ്ങളിൽ താമസിക്കുക പ്രായോഗികമായി അസാധ്യമാണ് എന്നും ഓഫീസ് കൂട്ടിച്ചേർത്തു.
ഗസ്സ നഗരം പിടിച്ചെടുക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഇസ്രായേൽ സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. നിരന്തരമായ ബോംബാക്രമണങ്ങളും മനുഷ്യാവകാശ പ്രതിസന്ധിയും കാരണം ആയിരക്കണക്കിന് ഫലസ്തീനികൾ ദിവസേന കുടിയിറക്കപ്പെടുന്നു. നിരവധി സാധാരണക്കാർ ദിനംപ്രതി കൊല്ലപ്പെടുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
‘സുരക്ഷിത മേഖല’ എന്ന് വിളിക്കപ്പെടുന്ന അൽ-മവാസിയിലേക്ക് ഇസ്രായേൽ നിർദേശം നൽകിയിട്ടുണ്ടെങ്കിലും, ആ പ്രദേശം ജനസാന്ദ്രമായതും പലവട്ടം ആക്രമണത്തിന് ഇരയായതുമാണ്. തെൽ അൽ-ഹവ, ഷാതി, റെമാൽ തുടങ്ങിയ പ്രദേശങ്ങളിലും സൈനിക നടപടികൾ ശക്തമായി തുടരുന്നതായി, ഡസൻ കണക്കിന് താമസ കെട്ടിടങ്ങളും ഷെൽട്ടറുകളും തകർന്നതായി വൃത്തങ്ങൾ അറിയിച്ചു.
