ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര ഗവർണറായി സേവനമനുഷ്ഠിച്ചുവരുന്ന രാധാകൃഷ്ണൻ, ആകെ 767 വോട്ടുകളിൽ നിന്ന് 452 വോട്ടുകൾ നേടിയാണ് വിജയിച്ചത്. അതായത്, 152 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹത്തിന്റെ വിജയം. ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥി ബി. സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ ലഭിച്ചപ്പോൾ, 15 വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചു. പ്രതിപക്ഷ മുന്നണിയ്ക്ക് ലഭിക്കേണ്ടിയിരുന്ന 14 വോട്ടുകൾ സി പി രാധാകൃഷ്ണന് അധികമായി ലഭിച്ചിട്ടുണ്ട്.C.P. Radhakrishnan is the new Vice President of India.
രഹസ്യബാലറ്റിലൂടെ ഇന്ത്യയുടെ ഇരുസഭകളിലെയും എംപിമാർ ചേർന്ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്തി. ബിജെപി, ആർഎസ്എസ് നേതാവായ രാധാകൃഷ്ണനെ സ്ഥാനാർത്ഥിയായി മുന്നോട്ട് വച്ചത് രാഷ്ട്രീയമായി വലിയ ശ്രദ്ധേയമായ തീരുമാനം കൂടിയാണ്. ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതിനെ തുടർന്ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷത്വത്തിൽ ചേർന്ന ബിജെപി പാർലമെന്ററി ബോർഡ് അദ്ദേഹം സ്ഥാനാർത്ഥിയായി നിർദേശിച്ചിരുന്നു.
1957 ഒക്ടോബർ 20-ന് തമിഴ്നാട്ടിലെ തിരുപ്പൂരിയിൽ ജനിച്ച രാധാകൃഷ്ണൻ, 16-ാം വയസ്സിൽ ആർഎസ്എസിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങി. 1974-ൽ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി ചേർന്നു. 1996-ൽ ബിജെപിയുടെ തമിഴ്നാട് സെക്രട്ടറി, പിന്നീട് 2004-ൽ സംസ്ഥാന പ്രസിഡന്റ് ആയി. 1998-ൽ കോയമ്പത്തൂരിൽ നിന്നാണ് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്, പിന്നീട് വീണ്ടും 1999ൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റികളിലും വിവിധ സ്പെഷ്യൽ കമ്മിറ്റികളിലും അംഗമായാണ് സേവനം നൽകിയത്.
2016 മുതൽ 4 വർഷം കയർ ബോർഡ് ചെയർമാനായി പ്രവർത്തിച്ചു. ഈ കാലയളവിൽ ഇന്ത്യയിലെ കയർ കയറ്റുമതി ചരിത്രപരമായ ഉയർച്ച (₹2532 കോടി) രേഖപ്പെടുത്തി. 2023 ഫെബ്രുവരി 18-ന് ജാർഖണ്ഡ് ഗവർണറായി നിയമിതനായും, പിന്നീട് തെലങ്കാന ഗവർണറുടെ ചുമതലയും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറുടെ ചുമതലയും നിർവഹിച്ചു. 2024 ജൂലൈ 31-ന് മഹാരാഷ്ട്ര ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു.
ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ രാധാകൃഷ്ണൻ കായിക രംഗത്തും ശ്രദ്ധേയനായിരുന്നു. കോളേജ് ടേബിൾ ടെന്നിസ് ചാമ്പ്യനും ദീർഘദൂര ഓട്ടക്കാരനുമായിരുന്നു. യു.എൻ. പൊതുസഭയിലും തായ്വാനിലേക്കുള്ള ആദ്യ പാർലമെന്ററി പ്രതിനിധി സംഘത്തിലും അംഗമായി.
ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായിരുന്ന ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി, തെലങ്കാന സ്വദേശിയും മുൻ സുപ്രീംകോടതി ജഡ്ജിയുമാണ്. ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം, സർക്കാർ പ്ലീഡറായും കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസിലായും സേവനം നിർവഹിച്ചു. 1993ൽ ആന്ധ്രപ്രദേശ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ചുമതല ഏറ്റെടുത്ത ശേഷം, 2005ൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജഡ്ജിയായി സേവനം നിർവഹിച്ചു. 2007ൽ സുപ്രീംകോടതി അഡീഷണൽ ജഡ്ജിയായി ചുമതല ഏറ്റെടുത്തു. 2011ൽ വിരമിച്ചു.
