ബീഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണ (SIR) നടപടികൾക്ക് ഇനി അധികസമയം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയവർക്ക് എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ അനുവദിച്ച സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ടാണ് ആർജെഡി എം.പി. മനോജ് കുമാർ ഝാ, എം.എൽ.എ. അഖ്തറുൽ ഇമാൻ എന്നിവർ ഹർജി നൽകിയത്.Supreme Court says no more time can be given for Bihar voter list revision
തിരഞ്ഞെടുപ്പ് കമ്മീഷൻ സെപ്റ്റംബർ 1 വരെയാണ് അവകാശവാദങ്ങളും എതിർപ്പുകളും സ്വീകരിക്കാൻ സമയം നൽകിയിരുന്നത്. എന്നാൽ, രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള വിശ്വാസക്കുറവിനെ ചൂണ്ടിക്കാട്ടിയ ഹർജിക്കാരുടെ വാദം പരിഗണിച്ച ശേഷവും സമയം നീട്ടാൻ കഴിയില്ലെന്ന് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
വോട്ടർ പട്ടിക തയ്യാറാക്കിയതിനുശേഷവും നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതുവരെ വോട്ടർമാർക്ക് അവകാശവാദങ്ങളും എതിർപ്പുകളും നൽകാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. കൂടാതെ, വോട്ടർമാരെ സഹായിക്കുന്നതിനായി വളണ്ടിയർമാരെ നിയോഗിക്കാൻ ബീഹാർ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദേശം നൽകി.
എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിച്ചവരുടെ എണ്ണം കുറവാണെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടികൾ തന്നെ കൂടുതൽ സജീവമായി ഇടപെടണമെന്ന് ബെഞ്ച് ആർജെഡിയോട് നിർദ്ദേശിച്ചു.
വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ 65 ലക്ഷം പേരുടെ കണക്കിനെ ആശ്രയിക്കുന്നതിനുപകരം, ആധാർ സംബന്ധമായ പ്രശ്നങ്ങളാൽ അവകാശവാദം നിരസിക്കപ്പെട്ടവരെ പ്രത്യേകം തിരിച്ചറിയണമെന്ന് കോടതി നിർദേശിച്ചു. ഇതിനുമുമ്പ്, അവരുടെ വിശദാംശങ്ങൾ സഹിതം ഓൺലൈനായി അപേക്ഷിക്കാൻ സൗകര്യം ഒരുക്കണമെന്നും, ഒഴിവാക്കിയ 65 ലക്ഷം പേരുടെ പട്ടിക ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്സൈറ്റിലും ജില്ലാ ഓഫീസർ പോർട്ടലുകളിലും പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
ഒഴിവാക്കലിന്റെ കാരണങ്ങൾ വ്യക്തമാക്കുകയും, ഡാറ്റ തിരയാൻ കഴിയുന്ന വിധത്തിൽ സുതാര്യമായ രീതിയിൽ പ്രസിദ്ധീകരിക്കുകയും വേണമെന്നുമാണ് കോടതി മുമ്പ് വ്യക്തമാക്കിയിരുന്നത്. കേസ് വീണ്ടും സെപ്റ്റംബർ 8ന് പരിഗണിക്കും.
