കാനഡയിലെ ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായി മുതിർന്ന നയതന്ത്രജ്ഞൻ ദിനേശ് കെ. പട്നായിക്കിനെ നിയമിച്ചു. ഏകദേശം പത്ത് മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യ പുതിയ ഹൈക്കമ്മീഷണറെ നിയമിക്കുന്നത്. നയതന്ത്ര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ കഴിഞ്ഞ വർഷം ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മയെയും മറ്റ് മുതിർന്ന നയതന്ത്രജ്ഞരെയും പിൻവലിച്ചിരുന്നു.New Indian High Commissioner to Canada to take charge, says Ministry of External Affairs
1990-ലെ ഐഎഫ്എസ് ബാച്ചിലെ അംഗമായ പട്നായിക് ഇപ്പോൾ സ്പെയിനിലെ ഇന്ത്യൻ അംബാസഡറാണ്. ഉടൻ തന്നെ അദ്ദേഹം കാനഡയിൽ ചുമതലയേൽക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബീജിംഗ്, ധാക്ക, വിയന്ന, ജനീവ എന്നിവിടങ്ങളിൽ ഇന്ത്യക്കായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൊറോക്കോ, കംബോഡിയ എന്നിവിടങ്ങളിൽ ഇന്ത്യൻ അംബാസഡറായും ലണ്ടനിൽ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ ഡയറക്ടർ ജനറലുമായിരുന്നു.
അതേസമയം, ഇന്ത്യയിലെ പുതിയ ഹൈക്കമ്മീഷണറായി ക്രിസ്റ്റഫർ കൂട്ടറിനെ നിയമിച്ചതായി കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകാനും ഉള്ള കാനഡയുടെ തന്ത്രപരമായ സമീപനത്തെയാണ് ഈ നിയമനം പ്രതിഫലിപ്പിക്കുന്നതെന്ന് അവർ വ്യക്തമാക്കി.
