ഡൽഹി: അമേരിക്കയുമായുള്ള തീരുവ (ടാരിഫ്) തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് മോദിയുടെ ടോക്യോ പ്രവേശനം.Prime Minister Narendra Modi in Japan as tariff dispute with US intensifies
ഇന്ത്യ-ജപ്പാൻ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുമ്പോൾ, “ജപ്പാൻ ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയാണ്. ഇരു രാജ്യങ്ങളും കൈകോർക്കുമ്പോൾ ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവം യാഥാർത്ഥ്യമാകും,” എന്നാണ് മോദിയുടെ അഭിപ്രായം. ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയാണെന്നും, ജിഎസ്ടി ഉൾപ്പെടെ നിരവധി വലിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ സ്ഥിരതയും ദീർഘവീക്ഷണവും നിലനിൽക്കുന്നതായും മോദി വ്യക്തമാക്കി.
“ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ഇന്ത്യൻ യുവാക്കൾക്ക് ജാപ്പനീസ് ഭാഷ പഠിക്കാനുള്ള അവസരങ്ങൾ വർധിപ്പിക്കണം,” എന്നും അദ്ദേഹം നിർദേശിച്ചു. എന്നാൽ, അമേരിക്കൻ തീരുവ പ്രശ്നത്തെക്കുറിച്ച് മോദി പ്രതികരിക്കാതെ മൗനം പാലിച്ചു.
പ്രധാനമന്ത്രിയായ ശേഷം മോദിയുടെ എട്ടാമത്തെ ജപ്പാൻ സന്ദർശനമാണിത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തിയ സാഹചര്യത്തിൽ, ഇന്ത്യ-ജപ്പാൻ ഉച്ചകോടിക്ക് കൂടുതൽ പ്രാധാന്യം നേടുന്നുണ്ട്. ജാപ്പനീസ് സന്ദർശനം രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് മോദി പ്രതീക്ഷ പ്രകടിപ്പിച്ചു.
15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി ടോക്യോയിലെത്തിയത്. ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ഇതേ സമയം, അമേരിക്കൻ തീരുവ ഭീഷണിക്കെതിരെ ഇന്ത്യ, റഷ്യ, ചൈന സഖ്യം ശക്തിപ്പെടുത്തുമോ എന്ന ചോദ്യവുമായി ലോകം കാത്തിരിക്കുകയാണ്. ഷാങ്ഹായി ഉച്ചകോടിയിൽ മോദിയും, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും പങ്കെടുക്കുന്നുണ്ട്.