ഡൽഹി: ബിജെപി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ ആര്‍എസ്എസിന് നേരിട്ടൊരു പങ്കുമില്ലെന്ന് സംഘടനാ മേധാവി മോഹൻ ഭഗവത് വ്യക്തമാക്കി. “ഞങ്ങൾ നിർദേശങ്ങൾ നൽകാറുണ്ട്, പക്ഷേ തീരുമാനമെടുക്കുന്നത് ബിജെപിയാണ്. ഞങ്ങളാണ് തീരുമാനിക്കുന്നതായിരുന്നുവെങ്കിൽ ഇത്ര കാലതാമസമുണ്ടാകില്ലായിരുന്നു,” അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ വിജ്ഞാൻ ഭവനിലായിരുന്നു ഭഗവതിന്റെ പ്രതികരണം.RSS has no role in choosing BJP president: Mohan Bhagwat
നിലവിലെ അധ്യക്ഷൻ ജെ.പി. നദ്ദയുടെ കാലാവധി പൂർത്തിയായി രണ്ടുവർഷം കഴിഞ്ഞ സാഹചര്യത്തിലാണ് ആരെ അധ്യക്ഷനാക്കുമെന്ന ചോദ്യങ്ങൾ ഉയരുന്നത്. മോദി സർക്കാരും ആര്‍എസ്എസും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന വാർത്തകൾക്കിടയിലാണ് ഭഗവതിന്റെ വിശദീകരണം.
“നല്ല കാര്യങ്ങൾ ചെയ്യുന്നതിന് ഞങ്ങളുടെ സഹായം ആവശ്യമാണെങ്കിൽ, ബിജെപിയെ മാത്രമല്ല, ഏതു പാർട്ടിയെയും ഞങ്ങൾ സഹായിക്കും. തർക്കങ്ങളൊന്നുമില്ല, എന്നാൽ എല്ലാ വിഷയങ്ങളിലും ഒരേ നിലപാട് പുലർത്തുന്നത് അസാധ്യമാണ്. എങ്കിലും പരസ്പര വിശ്വാസം ഉറപ്പായുണ്ട്,” ഭഗവത് പറഞ്ഞു.
നേതാക്കൾ 75 വയസാകുമ്പോൾ വിരമിക്കണമെന്ന പ്രസ്താവനയെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. “ഞാൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ഞങ്ങൾ ആര്‍എസ്എസ് പറയുന്നതുപോലെ പ്രവർത്തിക്കും. 75 വയസ്സാകുമ്പോൾ വിരമിക്കണം, വഴിമാറിക്കൊടുക്കണം എന്നത് എന്റെ വാക്കല്ല,” ഭഗവത് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചായിരുന്നു പ്രസ്താവനയെന്ന വ്യാഖ്യാനം നേരത്തേ വിവാദങ്ങൾക്ക് കാരണമായിരുന്നു.
