രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങളിൽ വീണ്ടും പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. കോണ്‍ഗ്രസിലെ പുരുഷ നേതാക്കള്‍ക്ക് ‘ഹു കെയേഴ്സ്’ ആറ്റിറ്റ്യൂഡ് ആണെന്ന് മന്ത്രി ആര് ബിന്ദു പറഞ്ഞു. മറ്റുള്ളവർക്ക് എന്ത് സംഭിച്ചാലും അവർക്ക് ഒന്നുമില്ല. സ്വന്തം കാര്യം മാത്രം. ആരോപണങ്ങൾ ഉണ്ടായിട്ടും രാഹുൽ അയാളുടെ രാഷ്ട്രീയ ഭാവി മാത്രമാണ് നോക്കുന്നത്. സാമൂഹ്യ വിരുദ്ധ നിലപാടാണ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.Rahul controversy: Minister R. Bindu’s criticism of Congress
എംഎല്‍എയെ പൊതിഞ്ഞ് പിടിച്ച് സംരക്ഷിക്കാനാണ് ശ്രമം. എംഎല്‍എയെ സംരക്ഷിക്കുന്ന കോൺഗ്രസ് നേതാക്കളുടെ നിലപാട് അപലപനീയമാണെന്നും മന്ത്രി ആര് ബിന്ദു കൂട്ടിച്ചേർത്തു. അതേസമയം ഉമാ തോമസ് എംഎല്‍എ ആര്‍ജവത്തോടെ പ്രതികരിച്ചു. ഇതിൻ്റെ പേരിൽ ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണം നടക്കുകയാണ്. ഉമയെ ആക്രമിക്കുന്നത് ആശങ്കാജനകമാണെന്നും കോണ്‍ഗ്രസിന്റെ സംസ്കാരം അധഃപതിച്ചുവെന്നും മന്ത്രി ആര് ബിന്ദു മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതേസമയം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണം എന്ന അഭിപ്രായം തനിക്കില്ലെന്ന് മുൻ കെപിസിസസി പ്രസിഡന്റ് കെ സുധാകരൻ. രാഹുലിനെ സസ്പെൻഡ് ചെയ്ത നടപടിയെ സ്വാഗതം ചെയ്യുന്നെന്നും കെ സുധാകരൻ പറഞ്ഞു. ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും കെ സുധാകരൻ പറഞ്ഞു.
രാജി വെക്കുമ്പോൾ മറ്റു സാഹചര്യങ്ങൾ കൂടി പരിഗണിക്കേണ്ടി വരുമെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി. പാർട്ടിയിലെ വനിതാ നേതാക്കളുടെ ആവശ്യം അവർക്കുള്ള അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതിന് പിന്നാലെയായിരുന്നു കെ സുധാകരന്റെ പ്രതികരണം.
ആറു മാസത്തേക്കാണ് രാഹുലിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. ആരോപണങ്ങളിൽ പാർട്ടി അന്വേഷണം ഉണ്ടാകില്ല. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കൾക്കിടയിൽ ശക്തമായിരുന്നു. ഒടുവിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാർട്ടിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.
