തൃശൂർ: തൃശൂരിൽ ലുലു മാൾ നിർമ്മാണം വൈകുന്നത് ഒരു രാഷ്ട്രീയ നേതാവിന്റെ ഇടപെടലാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ആരോപിച്ചു. രണ്ടര വർഷം മുമ്പ് തന്നെ നിർമാണം തുടങ്ങാനിരുന്നെങ്കിലും, ഒരു രാഷ്ട്രീയ നേതാവിന്റെ കേസ് കാരണം പദ്ധതി തടസ്സപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. 3,000 പേർക്ക് തൊഴിൽ നൽകാനാകുന്ന വലിയ പദ്ധതിയാണിതെന്നും, തടസ്സങ്ങൾ നീങ്ങിയാൽ തൃശൂരിൽ മാൾ വരുമെന്നും യൂസഫലി വ്യക്തമാക്കി. അദ്ദേഹം തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ചെയ്യവെയാണ് പ്രതികരിച്ചത്.Thrissur Lulu Mall delay: Yusuffali says political interference
ഭൂമി ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ച ഘട്ടത്തിലാണ് കേസ് ഉയർന്നതെന്ന് യൂസഫലി പറഞ്ഞു. ഹൈക്കോടതിയുടെ പരിഗണനയിലാണ് കേസ് തുടരുന്നത്.
അതേസമയം, കേസ് നൽകിയ സി.പി.ഐ. പ്രാദേശിക നേതാവ് ടി.എൻ. മുകുന്ദൻ, ഇത് വ്യക്തിപരമായ പരാതിയാണെന്നും പാർട്ടിക്ക് ഇതിൽ പങ്കില്ലെന്നും വ്യക്തമാക്കി. നെൽവയൽ മണ്ണിട്ട് നികത്തിയതിനെയാണ് താൻ ചോദ്യം ചെയ്തതെന്നും, ധനികർക്കും സാധാരണക്കാർക്കും ഒരേ നിയമമാണ് ബാധകമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ വാദം പൂർത്തിയായിരിക്കുകയാണെന്നും ഇപ്പോൾ ഹൈക്കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു.
