തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾക്കിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയോടെ സംഘടനയ്ക്കുള്ളിൽ ചരടുവലി കടുത്തിരിക്കുകയാണ്. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കങ്ങൾ ശക്തമായപ്പോൾ വിവിധ ഗ്രൂപ്പുകൾ സ്വന്തം സ്ഥാനാർത്ഥികളെ മുന്നോട്ടുവയ്ക്കുകയാണ്.Rahul’s resignation creates a strong tug of war in the Youth Congress
ഉമ്മൻ ചാണ്ടി ബ്രിഗേഡ് ശക്തമായ സമ്മർദ്ദവുമായി രംഗത്തെത്തി. രാഹുലിന്റെ പകരക്കാരനായി അവരുടെ വിഭാഗത്തിൽപെട്ട ഒരാളെ തന്നെ വേണമെന്ന് ബ്രിഗേഡ് ആവശ്യപ്പെടുന്നു. കെ.എം. അഭിജിത്, വിഷ്ണു സുനിൽ പന്തളം എന്നീ രണ്ടു പേരെയാണ് അവർ മുന്നോട്ടുവച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയല്ലാതെ മറ്റെവിടെയെങ്കിലും അധ്യക്ഷന്റെ നിയമനം വന്നാൽ കെ.എം. അഭിജിത്തിനാണ് അവരുടെ ഉറച്ച പിന്തുണ.
അതേസമയം, മറ്റ് ഗ്രൂപ്പുകളും സ്വന്തം സ്ഥാനാർത്ഥികളെ മുന്നോട്ട് വെച്ചിട്ടുണ്ട്. ദേശീയ സെക്രട്ടറി ബിനു ചുള്ളിയിലിനെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ശക്തമായി പിന്തുണയ്ക്കുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂട്ടരും വൈസ് പ്രസിഡൻറ് അബിൻ വർക്കിയെ മുന്നോട്ടുവയ്ക്കുന്നു. മുൻ സംഘടനാ തിരഞ്ഞെടുപ്പിൽ അബിൻ വർക്കി രണ്ടാമതെത്തിയതാണ് ചെന്നിത്തല പക്ഷം ഉന്നയിക്കുന്നത്. എം.കെ. രാഘവൻ എം.പി.യും എ ഗ്രൂപ്പിലെ ചില വിഭാഗങ്ങളും കെ.എം. അഭിജിത്തിനൊപ്പമാണ്. അധ്യക്ഷസ്ഥാനത്തേക്ക് വനിതാ നേതാവിനെ എത്തിക്കണമെന്ന ആശയവും ചിലർ മുന്നോട്ടുവച്ചിട്ടുണ്ട്.
ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് പാർട്ടി നടപടി. ആറുമാസത്തേക്കാണ് സസ്പെൻഷൻ. ഇതോടെ രാഹുൽ പാലക്കാട് എം.എൽ.എ പദവി രാജിവെക്കാതെ തുടരുമെങ്കിലും കോൺഗ്രസ് പ്രതിനിധിയായിരിക്കില്ല. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാതെ അവധി എടുക്കണമെന്ന നിർദ്ദേശം പാർട്ടിയിൽ നിന്ന് ലഭിക്കാമെന്നാണ് സൂചന.
രാഹുൽ രാജിവെക്കണമെന്ന ആവശ്യം നേതാക്കൾക്കിടയിൽ ശക്തമായിരുന്നുവെങ്കിലും, ഉപതിരഞ്ഞെടുപ്പിന്റെ ഭീഷണി മുന്നിൽ കണ്ടാണ് രാജിയില്ലാതെ സസ്പെൻഷനിൽ ഒതുക്കിയതെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിലയിരുത്തൽ.
