കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പനങ്കാവ് സ്വദേശി അക്ഷയെയാണ് പൊലീസ് പിടികൂടിയത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.Attempt to smuggle mobile into Kannur jail; One arrested
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ജയിൽ കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറിയ മൂന്ന് പേരെയും സിസിടിവി ദൃശ്യങ്ങളിൽ ഉദ്യോഗസ്ഥർ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചു.
ജയിലിനകത്തെ മതിലിന് മുകളിലൂടെ നിരോധിത പുകയില ഉൽപ്പന്നങ്ങളും മൊബൈൽ ഫോണും എറിയുന്നതായി അവർ കണ്ടു. പൊലീസിനെ കണ്ടതോടെ മൂവരും രക്ഷപ്പെടാൻ ശ്രമിച്ചു. ഓട്ടത്തിനിടെ അക്ഷയ് നിലത്തു വീണതിനെ തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
രാഷ്ട്രീയ തടവുകാർക്കായി പുകയില ഉൽപ്പന്നങ്ങളും മൊബൈലും കൊണ്ടുവന്നതാണെന്ന് അക്ഷയ് മൊഴി നൽകി. രക്ഷപ്പെട്ട രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ പിന്നാലെ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
