ലഖ്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ-അലിഗഢ് അതിർത്തിയിൽ ട്രാക്ടർ-കണ്ടെയ്നർ കൂട്ടിയിടിച്ചുണ്ടായ ഭീകരാപകടത്തിൽ എട്ട് പേർ മരിച്ചു. 43 പേർക്ക് പരിക്കേറ്റു.Accident after tractor collides with container in UP
കാസ്ഗഞ്ചിൽ നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് തീർത്ഥാടനം നടത്തിയെത്തിയ 61 പേരെ കൊണ്ടുപോകുകയായിരുന്ന ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ അർണിയ ബൈപ്പാസ് സമീപത്താണ് സംഭവം.
അമിതവേഗത്തിൽ എത്തിയ കണ്ടെയ്നർ ട്രാക്ടറിലിടിച്ചാണ് അപകടമുണ്ടായതെന്ന് ബുലന്ദ്ഷഹർ എസ്എസ്.പി ദിനേശ് കുമാർ സിങ് അറിയിച്ചു. കണ്ടെയ്നർ ട്രക്ക് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പരിക്കേറ്റവരെ അലിഗഢ് മെഡിക്കൽ കോളജ്, ബുലന്ദ്ഷഹർ ജില്ലാ ആശുപത്രി, കൈലാഷ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമാണ്.
മരിച്ചവരെ കാസ്ഗഞ്ച് സ്വദേശികളായ ഇ.യു. ബാബു (40), റാംബേട്ടി (65), ചാന്ദ്നി (12), ഗാനിറാം (40), മോക്ഷി (40), ശിവാൻഷ് (6), യോഗേഷ് (50), വിനോദ് (45) എന്നിങ്ങനെയാണെന്ന് പോലീസ് അറിയിച്ചു.
