ന്യൂഡൽഹി: ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യയിൽ കൂടുതൽ സാന്നിധ്യം ഉറപ്പാക്കാൻ ഓപ്പൺ എഐ നേരിട്ട് രംഗത്തേക്ക് വരുന്നു. ചാറ്റ് ജിപിടി എന്ന വിപ്ലവകരമായ എഐ സംവിധാനത്തിന്റെ സ്രഷ്ടാക്കളായ കമ്പനി, ഡൽഹിയിൽ സ്വന്തം ആദ്യ കോർപ്പറേറ്റ് ഓഫീസ് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.Open AI opens first office in India
അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ളത് ഇന്ത്യയിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഇന്ത്യൻ ഉപയോക്താക്കളുടെ എണ്ണം നാലിരട്ടിയായി. ഈ വൻ വളർച്ചയാണ് ഓപ്പൺ എഐയെ ഇന്ത്യയിൽ നേരിട്ട് പ്രവേശിച്ച് വിപണി വിപുലീകരിക്കാൻ പ്രേരിപ്പിച്ചത്.
ഇപ്പോൾ ഇന്ത്യയിൽ ഓപ്പൺ എഐയുടെ ഏക ജീവനക്കാരി പബ്ലിക് പോളിസിയും പാർട്ട്ണർഷിപ്പ് വിഭാഗവും നോക്കുന്ന പ്രഗ്യ മിശ്രയാണ്. പുതിയ ഓഫീസ് തുറക്കുന്നതിന്റെ ഭാഗമായി സെയിൽസ് വിഭാഗത്തിൽ മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ വിപണിയിലേക്ക് കമ്പനി നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.
ഇന്ത്യൻ സർക്കാരുമായും വ്യവസായങ്ങളുമായും കൂട്ടായ്മ ശക്തിപ്പെടുത്തുക എന്നതാണ് ഓപ്പൺ എഐയുടെ ലക്ഷ്യം. സർക്കാർ കരാറുകൾ ഉൾപ്പെടെ വലിയ പദ്ധതികളിൽ പങ്കാളിയാകാൻ കമ്പനി താൽപര്യമുണ്ടെന്നാണ് സൂചന. കേന്ദ്രസർക്കാരിന്റെ എഐ മിഷനുമായി സഹകരിക്കാനും ഇന്ത്യ ഇതിനകം തന്നെ തയ്യാറാണ്.
ഇന്ത്യൻ ഉപയോക്താക്കൾക്കായി കുറഞ്ഞ നിരക്കിൽ സബ്സ്ക്രിപ്ഷൻ പാക്കേജ് അവതരിപ്പിച്ചതും കമ്പനി എടുത്ത മറ്റൊരു നിർണായക നീക്കമാണ്. “ചാറ്റ് ജിപിടി ഗോ” എന്ന പേരിലുള്ള ഈ പ്ലാനിന് പ്രതിമാസം 399 രൂപയാണ് നിരക്ക്. അതുപോലെ തന്നെ, ഈ വർഷം അവസാനം ഇന്ത്യയിൽ ഡെവലപ്പർ ദിനവും വിദ്യാഭ്യാസ ഉച്ചകോടിയും സംഘടിപ്പിക്കാനും ഓപ്പൺ എഐ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ സാങ്കേതിക, വിദ്യാഭ്യാസ മേഖലകളുമായി കൂടുതൽ അടുപ്പം സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
