തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് രണ്ട് മാസത്തെ ക്ഷേമപെൻഷൻ സർക്കാർ അനുവദിച്ചു. സാമൂഹ്യസുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനും ലഭിക്കുന്ന ഗുണഭോക്താക്കൾക്ക് ശനിയാഴ്ച മുതൽ രണ്ട് ഗഡു പെൻഷൻ ലഭ്യമാകുമെന്ന് ധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി 1,679 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.Two months of welfare pension granted for Onam
ഓണസമ്മാനമായി 62 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം ലഭിക്കുക. ഓഗസ്റ്റ് മാസത്തെ പെൻഷനോടൊപ്പം ഒരു കുടിശിക ഗഡുവും നൽകുന്നതാണ്. ഇതിൽ 26.62 ലക്ഷം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് നേരിട്ട് തുക ക്രെഡിറ്റ് ചെയ്യുന്നത്. ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകളുടെ മുഖേന വീടുകളിൽ എത്തിച്ചുകൊണ്ട് പെൻഷൻ വിതരണം ചെയ്യും.
ദേശീയ പെൻഷൻ പദ്ധതിയിലെ 8.46 ലക്ഷം ഗുണഭോക്താക്കൾക്ക് കേന്ദ്രസർക്കാരാണ് വിഹിതം നൽകേണ്ടത്. ഇതിനായി ആവശ്യമായ 48.42 കോടി രൂപ സംസ്ഥാനം മുൻകൂർ അനുവദിച്ചിട്ടുണ്ടെന്നും, കേന്ദ്രത്തിന്റെ പിഎഫ്എംഎസ് സംവിധാനത്തിലൂടെയാണ് തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
