തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ജനപ്രതിനിധി സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. അശ്ലീല സന്ദേശങ്ങൾ അയച്ചതും ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചതുമൊക്കെയുള്ള ഗുരുതര ആരോപണങ്ങളാണ് രാഹുലിനെതിരെ നിരവധി സ്ത്രീകൾ ഉന്നയിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.Minister V. Sivankutty demands resignation of Rahul Mangkootathil as MLA
പരാതിക്കാരികൾ പേരു വെളിപ്പെടുത്താൻ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ അവർക്കൊപ്പം നിന്ന് സംരക്ഷണം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. പേരുവെളിപ്പെടുത്താതെ പോലും സ്ത്രീകൾക്ക് പൊലീസിൽ പരാതി നൽകാമെന്നും, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരകളുടെ സ്വകാര്യത നിയമപരമായി കർശനമായി സംരക്ഷിക്കപ്പെടുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഒഴിയണമെന്ന ആവശ്യം സിപിഎമ്മും ബിജെപിയും മുന്നോട്ട് വെച്ചിട്ടുണ്ട്. ഇരുപാർട്ടികളും പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ്. മുൻപ് രാഹുലിനെ സംരക്ഷിച്ച ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കൾക്കെതിരെയും കോൺഗ്രസിനുള്ളിൽ വിമർശനം ഉയരുന്നുണ്ട്. പാർട്ടി പദവി ഒഴിഞ്ഞത് മാത്രം പോരെന്നും എംഎൽഎ സ്ഥാനം ഒഴിഞ്ഞ് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമാണ് രാഷ്ട്രീയ എതിരാളികളുടെ നിലപാട്.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിട്ടും പുതിയ വെളിപ്പെടുത്തലുകൾ വന്നത് രാഹുലിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എങ്കിലും, മുൻപ് മുകേഷ് അടക്കമുള്ളവർക്ക് എതിരെ ആരോപണം ഉയർന്നപ്പോൾ എംഎൽഎ സ്ഥാനം ഒഴിഞ്ഞിരുന്നില്ലെന്ന വാദം ഉന്നയിച്ച് രാഹുൽ പ്രതിരോധത്തിലാണ്.
വ്യാജ ഐഡി കാർഡ് നിർമാണം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്തെ വിവാദ കൂടിക്കാഴ്ച, വയനാട് ഫണ്ട് തട്ടിപ്പ് ആരോപണം തുടങ്ങിയ ഘട്ടങ്ങളിലും പാർട്ടി നേതൃത്വം രാഹുലിനൊപ്പമായിരുന്നു. ഷാഫി പറമ്പിലും വി.ഡി. സതീശനും നൽകിയ പിന്തുണയായിരുന്നു പ്രധാന കരുത്ത്. എന്നാൽ, അന്നത്തെ തെറ്റുകൾ തിരുത്താതെ സംരക്ഷിച്ചതിനാലാണ് ഇന്ന് പ്രതിസന്ധി രൂക്ഷമായതെന്ന വിമർശനവും കോൺഗ്രസിനുള്ളിൽ ശക്തമാണ്.