തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ പുതിയ അധ്യക്ഷനെ തെരഞ്ഞടുക്കാൻ നേതൃത്വം ശ്രമം തുടങ്ങി. മുൻ കെഎസ്യു പ്രസിഡൻറ് കെ.എം. അഭിജിത്ത്, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുളിയിൽ, സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി, വൈസ് പ്രസിഡൻറ് ഒ.ജെ. ജെനീഷ് എന്നിവരാണ് പരിഗണനയിലുള്ള പ്രധാന പേർ.Youth Congress leadership revives discussion on new president
നാലംഗങ്ങളുടെ പേരുകളാണ് ഇപ്പോൾ ഗൗരവത്തോടെ ചർച്ചയിലുള്ളത്. ഇവരിൽ കെ.എം. അഭിജിത്തിന് മുൻഗണന ലഭിക്കുമെന്ന സൂചനകൾ ശക്തമാണ്. ദേശീയ നേതൃത്വത്തിലെത്താതെ പോയതിനാൽ അദ്ദേഹത്തോടുള്ള നീതികേടെന്ന പൊതുവികാരം പാർട്ടിയിലെ പ്രധാന നേതാക്കൾക്കിടയിൽ നിലനിൽക്കുന്നു. സാമുദായിക സമവാക്യങ്ങളും അഭിജിത്തിന് അനുകൂലമാണ്.
ഉപാധ്യക്ഷൻ അബിൻ വർക്കി സംസ്ഥാന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തി അറുപതിനായിരം വോട്ട് നേടിയിരുന്നു. അത് അദ്ദേഹത്തിന് ശക്തമായ പിന്തുണ നൽകുന്നുവെങ്കിലും സാമുദായിക ഘടകങ്ങൾ വെല്ലുവിളിയായേക്കാം.
കെ.സി വിഭാഗത്തിന് അടുപ്പമുള്ള ബിനു ചുളിയിൽ, തൃശൂർ സ്വദേശിയും വൈസ് പ്രസിഡൻറുമായ ഒ.ജെ. ജെനീഷ് എന്നിവരുടെ പേരുകളും നേതൃത്വത്തിന്റെ പരിഗണന പട്ടികയിൽ തുടരുന്നു.
