ബെംഗളൂരു: ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ ചെയർമാൻ മഹേഷ് ഷെട്ടി തിമ്മരോടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിനെതിരെ സോഷ്യൽ മീഡിയയിൽ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളാണ് അറസ്റ്റിന് കാരണമായത്. ഉഡുപ്പി ജില്ല പൊലീസ് ഉജിരെയിലെ അദ്ദേഹത്തിന്റെ വസതിയിൽ നിന്നാണ് അറസ്റ്റ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.Dharmasthala Action Council Chairman Mahesh Shetty Thimmarodi arrested
ചോദ്യം ചെയ്യലിനായി നേരത്തെ നൽകിയ നോട്ടീസിന് ഹാജരാകാത്തതിനെ തുടർന്ന് പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു. എന്നാൽ, തന്റെ അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയാണെന്ന് മഹേഷ് ഷെട്ടി പ്രതികരിച്ചു. ധർമ്മസ്ഥലവുമായി ബന്ധപ്പെട്ട എസ്ഐടി അന്വേഷണത്തെ അവസാനിപ്പിക്കാനുള്ള നീക്കമാണിതെന്ന് അദ്ദേഹം ആരോപിച്ചു.
അറസ്റ്റിന്റെ പശ്ചാത്തലത്തിൽ മഹേഷ് ഷെട്ടിയുടെ അനുയായികൾ വൻ തോതിൽ ഒത്തുകൂടി. ബിജെപിക്കും സംസ്ഥാന സർക്കാരിനുമെതിരെ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധവും നടത്തി. “ഇത് എസ്ഐടി അന്വേഷണം തടയാനുള്ള ഗൂഢാലോചനയാണ്. നീതി ലഭിക്കുമെന്ന കാര്യത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു,” അനുയായികൾ പറഞ്ഞു.
ബി.എൽ. സന്തോഷിനെതിരെ അസഭ്യം ഉപയോഗിച്ചതിനോടൊപ്പം വിവിധ മത-സമുദായങ്ങൾ തമ്മിൽ വൈരം വിതച്ചുവെന്നുമുള്ള പരാതിയാണ് പൊലീസ് അന്വേഷിക്കുന്നത്. ഒരു ഹിന്ദു മത നേതാവിനെ അപമാനിച്ചുവെന്നാരോപണവും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
