കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി കൊച്ചിയിലെത്തുന്നു. സന്ദർശനത്തെ തുടർന്ന് വ്യാഴവും വെള്ളിയാഴ്ചയും നഗരത്തിൽ വ്യാപകമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.Union Minister Amit Shah will arrive in Kochi today
അമിത് ഷായുടെ പരിപാടികളെ മുൻനിർത്തി നഗരത്തിലെ പ്രധാന റോഡുകളും ജംഗ്ഷനുകളും ഉൾപ്പെടുത്തി സുരക്ഷയും നിയന്ത്രണവും ശക്തമാക്കിയിരിക്കുകയാണ്. ഇന്ന് രാത്രി 8 മണി മുതൽ എൻഎച്ച് 544 ഉൾപ്പെടെ മുട്ടം, കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം, കലൂർ, കച്ചേരിപ്പടി, ബാനർജി റോഡ്, ഹൈക്കോടതി ജംഗ്ഷൻ, ഗോശ്രീ പാലം, ബോൾഗാട്ടി ജംഗ്ഷൻ തുടങ്ങിയ വഴികളിൽ വാഹന ഗതാഗതം വഴിതിരിച്ചുവിടും.
കൂടാതെ വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ ബോൾഗാട്ടി ജംഗ്ഷൻ, ഗോശ്രീ പാലം, ഹൈക്കോടതി ജംഗ്ഷൻ, ബാനർജി റോഡ്, കലൂർ, പാലാരിവട്ടം, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം തുടങ്ങിയ സ്ഥലങ്ങളിലും നിയന്ത്രണം തുടരും.
വെള്ളിയാഴ്ച നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അമിത് ഷാ പങ്കെടുക്കും. യോഗം അവസാനിച്ച ശേഷം അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും. നഗരവാസികൾ യാത്രകൾക്ക് അധിക സമയം കണ്ടെത്താനും ഗതാഗത നിയന്ത്രണങ്ങളിൽ പൊതുജനങ്ങൾ പോലീസിന് സഹകരിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
