ലോകത്തിലെ “എറ്റവും നല്ല ജഡ്ജി” എന്ന പേരിൽ പ്രശസ്തനായ ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. 88-ാം വയസ്സിൽ പാൻക്രിയാറ്റിക് ക്യാൻസറിനോടുള്ള പോരാട്ടത്തിനൊടുവിലാണ് അദ്ദേഹം വിടവാങ്ങിയത്. കോടതി മുറിയിലെ സൗമ്യതയും മനുഷ്യസ്നേഹവും അദ്ദേഹത്തെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയത്തിലേക്ക് ഉയർത്തിയിരുന്നു.Judge Frank Caprio passes away
പ്രതികളെ, പ്രത്യേകിച്ച് സാധാരണക്കാരെ, മനുഷ്യത്വത്തോടും കരുണയോടും സഹാനുഭൂതിയോടും സമീപിച്ച വിധമാണ് അദ്ദേഹത്തിന് “ലോകത്തിലെ നല്ലവനായ ജഡ്ജി” എന്ന വിശേഷണം നേടിക്കൊടുത്തത്. പിഴ അടയ്ക്കാൻ കഴിയാതെ വരുന്നവരുടെ വേദനയും അവസ്ഥയും മനസ്സിലാക്കി ലോകത്തിന് മുന്നിൽ അതിനെ തുറന്നു കാണിക്കാനും അദ്ദേഹം ശ്രമിച്ചു. കോടതിമുറിക്ക് പുറത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കാളിയായിരുന്നു. ജഡ്ജിയായി നടത്തിയ ഇടപെടലുകൾ അദ്ദേഹത്തിന് അനവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടി കൊടുത്തു.
2023-ലാണ് തനിക്കു പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പൊതുവെ അറിയിച്ചത്. മരണത്തിന് ഒരു ദിവസം മുൻപ്, ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശം ഇപ്പോൾ ജനഹൃദയങ്ങളെ കീഴടക്കുകയാണ്. “കാൻസറിനെതിരെ ഞാൻ ഇപ്പോഴും പോരാടുകയാണ്. പ്രാർത്ഥനകൾ എന്റെ ആത്മാവിനെ ശക്തിപ്പെടുത്തുന്നു. ദുഃഖകരമായി, വീണ്ടും ആശുപത്രിയിലെത്തി. എനിക്കുവേണ്ടി ഒരിക്കൽ കൂടി പ്രാർത്ഥിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു. പ്രാർത്ഥനയുടെ ശക്തിയിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു,” – എന്നാണ് ആ അവസാന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞത്.
