തിരുവനന്തപുരം: യുവതികളുടെ ഗുരുതര ആരോപണങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ ഒരുങ്ങുന്നു. സംഭവം രാഷ്ട്രീയ ആയുധമാകാതിരിക്കാനാണ് ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം അടിയന്തരമായി രാജി നൽകുന്നത്. എന്നാൽ, അദ്ദേഹം എംഎൽഎ പദവിയിൽ തുടരുമെന്നാണ് വിവരം.Rahul Mangkootathil to resign as Youth Congress state president
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുലിനെ മാറ്റുന്നതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് രാവിലെ ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച് രാഹുലിനോട് രാജി ആവശ്യപ്പെട്ടത്.
സംസ്ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പാർട്ടിയിലെ വനിതാ നേതാക്കൾ നേരിട്ട് പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം അന്വേഷണവും സംഘടനാ നടപടികളും ആലോചിച്ചത്. തെറ്റുകാരനെ സംരക്ഷിക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ രാഹുലിനെ പിന്തുണക്കുന്നത് പാർട്ടിക്ക് പ്രതികൂലമാകുമെന്നും നേതാക്കൾ വിലയിരുത്തി.
അതേസമയം, എഴുത്തുകാരി ഹണി ഭാസ്കർ രാഹുലിനെതിരെ തുറന്ന രംഗത്തുവന്നു. രാഹുലിന്റെ ഇരയായ കോൺഗ്രസ് പ്രവർത്തകയടക്കമുള്ള സ്ത്രീകളെ തനിക്കറിയാമെന്നും, പലരും ഷാഫി പറമ്പിലിന് പരാതി നൽകിയിരുന്നെങ്കിലും അത് മൂടിവെച്ചുവെന്നുമാണ് അവരുടേത്. രാഹുൽ നേരിട്ട് തനിക്കെതിരെ മോശം സന്ദേശം അയച്ചിട്ടില്ലെങ്കിലും, തന്റെ പേരിൽ അപമാനകരമായ പരാമർശങ്ങൾ നടത്തിയതായി അറിയാമെന്നും ഹണി ആരോപിച്ചു. ധൈര്യമുണ്ടെങ്കിൽ രാഹുൽ മാനനഷ്ടക്കേസ് കൊടുക്കാമെന്നും, കൂടുതൽ സ്ത്രീകൾ ഇരകളാകാതിരിക്കാനാണ് സത്യങ്ങൾ പുറത്തുകൊണ്ടുവരുന്നതെന്നും ഹണി വ്യക്തമാക്കി.
ഇതിനിടെ, രാഹുലിനെതിരായ വിവാദങ്ങൾക്കു പിന്നാലെ ഇന്ന് രാവിലെ നടക്കാനിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാർത്താസമ്മേളനം ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി റദ്ദാക്കിയതായി ഓഫീസ് അറിയിച്ചു.
