നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാനുള്ള താൽപര്യം കെ. മുരളീധരൻ പ്രകടിപ്പിച്ചു. “കുടുംബ മണ്ഡലമെന്ന നിലയിൽ വട്ടിയൂർക്കാവിൽ ഞാൻ സജീവമാണ്. തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്,” എന്ന് അദ്ദേഹം പറഞ്ഞു.Interested in contesting from Vattiyoorkavu; K. Muraleedharan
ജില്ല വിട്ട് മറ്റെവിടെയെങ്കിലും മത്സരിക്കാൻ താൽപര്യമില്ലെന്നും, ഇത്തവണ വട്ടിയൂർക്കാവ് തിരിച്ചുപിടിക്കാൻ കഴിയുമെന്നും മുരളീധരൻ വ്യക്തമാക്കി. സ്ഥിരമായി പരീക്ഷണ വസ്തുവാക്കുന്ന പ്രവണത അവസാനിക്കണമെന്ന് ആവശ്യപ്പെട്ടും അദ്ദേഹം മുന്നോട്ടുവന്നു.
“ജില്ലയ്ക്ക് പുറത്തുള്ള മണ്ഡലങ്ങളിൽ എന്റെ പേര് ഉയർത്തുന്നുണ്ടെങ്കിൽ, ആ ചർച്ചകൾ അവിടെത്തന്നെ അവസാനിപ്പിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വട്ടിയൂർക്കാവിൽ ഞാൻ സജീവമായിരുന്നു,” എന്നും മുരളീധരൻ വ്യക്തമാക്കി. സഹോദരി പത്മജ വേണുഗോപാൽ സ്ഥാനാർത്ഥിയാകുകയാണെങ്കിലും മത്സരത്തിൽ യാതൊരു കടുപ്പവും ഉണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എം.പിമാർ മത്സരത്തിനിറങ്ങുമോ എന്ന ചോദ്യത്തിന് മറുപടിയായി, കോൺഗ്രസിൽ മത്സരിക്കാൻ കഴിവുള്ള നിരവധി പേരുണ്ടെന്നും അവർക്കും അവസരം നൽകണം എന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. “കേന്ദ്രത്തിൽ പ്രതിപക്ഷമായിരിക്കുമ്പോൾ എം.പിമാർ നിയമസഭയിലേക്ക് ഇറങ്ങുന്നത് പാർട്ടിക്ക് ഗുണകരമാണോ എന്ന് ഗൗരവമായി പരിഗണിക്കണം. നിർബന്ധമായ സാഹചര്യത്തിൽ മാത്രമേ എം.പിമാർ മത്സരിക്കാവൂ. അല്ലാത്തപക്ഷം അവർക്ക് അഞ്ച് വർഷം പൂർത്തിയാക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് സമയത്തെ ഹൈക്കമാൻഡ് നിർദേശങ്ങൾ എം.പിമാർ കർശനമായി പാലിക്കണം,” എന്നും കെ. മുരളീധരൻ തുറന്നുപറഞ്ഞു.
