ന്യൂഡൽഹി: ഗുരുതരമായ ക്രിമിനൽ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെടുകയോ തുടർച്ചയായി തടവിൽ കഴിയുകയോ ചെയ്യുന്ന ജനപ്രതിനിധികളെ പദവിയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കപ്പെടും. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാർ എന്നിവരെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരും.If you spend more than a month in jail, you will lose your power; Central government with important bill
നിലവിൽ ഭരണഘടന പ്രകാരം ശിക്ഷിക്കപ്പെട്ടവരെ മാത്രമാണ് സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കഴിയുന്നത്. അതിനാൽ, പുതിയ വ്യവസ്ഥ നടപ്പാക്കാൻ ഭരണഘടനാ ഭേദഗതി അനിവാര്യമാണ്. നിർദ്ദേശപ്രകാരം, ഏതെങ്കിലും മന്ത്രി തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കഴിയുകയാണെങ്കിൽ, 31-ാം ദിവസം രാജിവെക്കുകയോ സ്വമേധയാ സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടുകയോ ചെയ്യും. അഞ്ചുവർഷം കഴിയുന്ന ശിക്ഷ ലഭിക്കുന്ന കേസുകളിലെ പ്രതികളായ മന്ത്രിമാർക്കും ഇത് ബാധകമാകും.
കുറ്റാരോപണങ്ങൾ നേരിടുന്ന മന്ത്രിമാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രിമാർ ഗവർണർക്കു ശുപാർശ നൽകണം. തുടർന്ന് ഗവർണർമാർ ബന്ധപ്പെട്ട മന്ത്രിമാരെ പുറത്താക്കും. രാജിവെച്ചില്ലെങ്കിലും 31-ാം ദിവസം സ്വയം മന്ത്രിസ്ഥാനം നഷ്ടമാകും.
സർക്കാരിന്റെ വിശദീകരണമനുസരിച്ച്, ഇത്തരം നടപടികൾ അഴിമതി ആരോപണങ്ങൾ കുറയ്ക്കാനും ജനങ്ങൾക്ക് മുന്നിൽ നേതാക്കളുടെ ധാർമികമായ മാതൃക ഉറപ്പാക്കാനും ലക്ഷ്യമിടുന്നതാണ്. ജയിലിൽ കഴിയുന്ന മന്ത്രിമാർ ഭരണം തുടരുന്നത് ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്നതായി സർക്കാർ ചൂണ്ടിക്കാട്ടുന്നു.
ഇതോടൊപ്പം ഭരണഘടന (130-ാം ഭേദഗതി) ബിൽ 2025 , കേന്ദ്രഭരണ പ്രദേശ ഭരണ (ഭേദഗതി) ബിൽ 2025, ജമ്മു-കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2025 എന്നീ മൂന്ന് പ്രധാന ബില്ലുകളും സഭയിൽ അവതരിപ്പിച്ച് പാർലമെന്ററി കമ്മിറ്റിക്ക് കൈമാറും. ലോക്സഭയിൽ പ്രമേയം അവതരിപ്പിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായായിരിക്കും.
