തിരുവനന്തപുരം: ട്രാൻസ്ജെൻഡർ സമൂഹത്തിന് സർക്കാർ ജോലികളിൽ സംവരണം നൽകണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തു. ഈ നിർദേശം പിഎസ്സിയെ അറിയിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അറിയിച്ചു. കോളേജ് പ്രവേശനത്തിനായി നേരത്തെ തന്നെ ഒരു സീറ്റ് ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി സംവരണം ചെയ്തിരുന്നു. ഇപ്പോൾ എൽഎൽബി പ്രവേശനത്തിനും സമാന സംവരണം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ച് തൊഴിൽപരിശീലന പരിപാടികളും സംഘടിപ്പിക്കുമെന്ന് അവര് കൂട്ടിച്ചേർത്തു.Higher Education Department recommends reservation for transgender people in government jobs
അതേസമയം, 2025 ലെ ട്രാൻസ്ജെൻഡർ കലോത്സവം ‘വർണപ്പകിട്ട്’ എന്ന പേരിൽ കോഴിക്കോട് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ അരങ്ങേറും. ആദ്യദിവസം, ട്രാൻസ്ജെൻഡർ നയം നടപ്പാക്കിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും വിദഗ്ധരും പങ്കെടുക്കുന്ന ദേശീയ സമ്മേളനം നടക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ്ജെൻഡർ വ്യക്തികളെ ആദരിക്കുന്ന അവാർഡുകളും പുതിയ ഭവനപദ്ധതിയുടെ പ്രഖ്യാപനവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടക്കും.
